പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ പാസ്പോർട്ട് സേവകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. മണ്ഡലത്തിലെ തവനൂർ പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പാസ്‌പോർട്ട് സേവ കേന്ദ്രം ആരംഭിക്കുക. കേന്ദ്രം ആരംഭിക്കുന്നതിനുള്ള സ്ഥലം തവനൂർ പോസ്റ്റ് ഓഫീസിൽ ലഭ്യമായിട്ടുണ്ട്. ഇവിടെ കേന്ദ്രത്തിനാവശ്യമായ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാകുന്ന മുറക്ക് പി എസ് കെ യുടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും എംപി പറഞ്ഞു.
മലപ്പുറം ജില്ലയിൽ കൂടുതൽ പാസ്പോർട്ട് സേവകേന്ദ്രങ്ങൾ അനുവദിക്കുക എന്നുള്ളത് വളരെ കാലത്തെ ആവശ്യമാണ്. ജില്ലയിലെ അപേക്ഷകർ നിലവിൽ ആശ്രയിക്കുന്നത് മലപ്പുറം കേന്ദ്രത്തെ യാണ്. പ്രവാസികൾ കൂടുതലുള്ള ജില്ലക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് ഈ തീരുമാനം.
എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും പാസ്പോർട്ട് സേവകേന്ദ്രങ്ങൾ എന്ന വിദേശ മന്ത്രാലയത്തിന്റെ നയം നിലവിലുണ്ടെങ്കിലും കോവിഡും മറ്റു പല സാങ്കേതിക കാരണങ്ങളാലും അനുമതി വൈകുകയാണുണ്ടായത്.
ഇതിനിടയിൽ ഇ. ടി. മുഹമ്മദ് ബഷീർ എംപി വിദേശ കാര്യ മന്ത്രാലയത്തിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൂടി ആയതോടെ പദ്ധതിയുടെ അനുമതി വേഗത്തിലാക്കാനായി.
മണ്ഡലത്തിൽ നിന്നും കേന്ദ്രത്തിനായി താനൂർ, തിരൂരങ്ങാടി, പൊന്നാനി, തവനൂർ എന്നീ സ്ഥലങ്ങൾ നിർദ്ദേശിച്ചിരുന്നുവെങ്കിലിം തവനൂർ പോസ്റ്റ് ഓഫീസിലെ നിലവിലെ സൗകര്യം കൂടി പരിഗണിച്ചാണ് അവിടെ പി എസ് കെ അനുവദിച്ചതെന്ന് എംപി പറഞ്ഞു.
പോസ്റ്റ് ഓഫീസകളിലെ സൗകര്യവും പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തമ്മിലുള്ള ദൂരവും കൂടി കണക്കിലെടുത്താണ് പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ അനുവദിക്കുന്നത്.
തപാൽ വകുപ്പിന്റെ ഭാഗത്തു നിന്നുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് പോസ്റ്റ് മാസ്റ്റർ ജനറൽ എംപിയെ അറിയിച്ചിട്ടുണ്ട്.