ഗൃഹോപകരണ കട കത്തിനശിച്ച സംഭവത്തില്‍ ഉടമയ്ക്ക് 48,50,029 രൂപ ഇന്‍ഷുറന്‍സ് തുകയും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമ്മിഷന്‍ വിധി. മമ്പാട് സ്വദേശി വള്ളിക്കാടന്‍ യൂസഫിന്റെ പരാതിയിലാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മാഈല്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റെ വിധി.
2018 ജൂലൈ 16ന് അര്‍ധരാത്രി യൂസഫിന്റെ അരീക്കോട് പത്തനാപുരത്തുള്ള ഗൃഹോപകരണ കട പൂര്‍ണമായി കത്തിനശിച്ചിരുന്നു. ഇന്‍ഷൂറന്‍സ് കമ്പനി 13,37,048 രൂപ നല്‍കാന്‍ തയ്യാറായിയെങ്കിലും പരാതിക്കാരന്‍ സ്വീകരിച്ചില്ല. ഇന്‍ഷൂറന്‍സ് സര്‍വേയര്‍ നല്‍കിയ റിപ്പോര്‍ട്ട് ശരിയല്ലെന്നും യഥാര്‍ഥ നഷ്ടം മറച്ചുവച്ചിരിക്കുകയാണെന്നും പരാതിക്കാരന്‍ കമ്മിഷന്‍ മുമ്പാകെ ബോധിപ്പിച്ചു.
68,10,892 രൂപ ഇന്‍ഷൂറന്‍സ് തുകയും 10,00,000 രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സ്റ്റോക്ക് രജിസ്റ്ററും സര്‍വേ റിപ്പോര്‍ട്ടും പരിശോധിച്ച കമ്മിഷന്‍ നേരത്തെ ഇന്‍ഷൂര്‍ കമ്പനിയുടെ സര്‍വേയര്‍ തന്നെ തയ്യാറാക്കിയ 48,50,029 രൂപയുടെ റിപ്പോര്‍ട്ട് മറച്ചുവച്ചതായി കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് നഷ്ടപരിഹാരമായി രണ്ടുലക്ഷവും യഥാര്‍ഥ നഷ്ടമായ 48,50,029 രൂപയും ഒമ്പത് ശതമാനം പലിശയോടെ നല്‍കണമെന്നും ഉത്തരവിട്ടു. കോടതി ചെലവിലേക്ക് 25,000 രൂപയും നല്‍കണം. ഒരുമാസത്തിനകം പണം നല്‍കാത്തപക്ഷം 12 ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ പറഞ്ഞു. പരാതിക്കാരന് വേണ്ടി അഡ്വ. കെ.ടി സിദ്ധീഖ് ഹാജരായി.