ഒരു രൂപയ്ക്ക് ഒരു ലിറ്റർ: വാട്ടർ എ.ടി.എം പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന വാട്ടർ എ.ടി.എം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ നാടിനുസമർപ്പിച്ചു. അത്താണിക്കലിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും 24 മണിക്കൂറും കുടിവെള്ളം ലഭിക്കുന്ന രീതിയിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത് അംഗം തങ്ക പ്രഭ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ശ്രീനാഥ്, പി.എം രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

അത്താണിക്കലിലെ പൊതുകിണറിലെ വെള്ളമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന് (കെ.എസ്.ഐ.ഇ) കീഴിൽ തൃശൂർ ആസ്ഥാനമായ വാട്ടർ വേൾഡ് എന്ന സ്വകാര്യ ഏജൻസിയാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്.

പൊതു കിണറ്റിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റർ ടാങ്കിൽ സംഭരിച്ചാണ് വാട്ടർ എ.ടി.എം വഴി നൽകുന്നത്. വാട്ടർ എ.ടി. എമ്മിന് രണ്ട് ടാപ്പുകളുണ്ടാകും. ഒന്നിൽ ഒരു രൂപയിട്ടാൽ ഒരു ലിറ്റർ തണുത്ത വെള്ളവും മറ്റൊന്നിൽ അഞ്ചുരൂപയിട്ടാൽ അഞ്ചുലിറ്റർ സാധാരണ വെള്ളവും ലഭിക്കും. ഇതുവഴി ശുദ്ധജലം ഉറപ്പുവരുത്താനും പ്ലാസ്റ്റിക്ക് കുപ്പിയുടെ ഉപയോഗം കുറയ്ക്കുവാനുമാകും. പദ്ധതിയുടെ രണ്ടാംഘട്ടം അടുത്ത മാസത്തോടെ അരിയല്ലൂർ ജങ്ഷനിലും തുടങ്ങും.

error: Content is protected !!