ജനാധിപത്യം പ്രാവര്‍ത്തികമാക്കാനുള്ള ഏറ്റവും നല്ല വേദി വായനശാലകളാണെന്ന് എഴുത്തുകാരന്‍ യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു. ദേശീയ ലൈബ്രറി വാരാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളം പ്രബുദ്ധ സമൂഹമായി തീരാനുള്ള കാരണങ്ങളില്‍ പ്രധാനം വായനശാലകളാണ്. എന്നാല്‍ ഇന്ന് കൂടുതല്‍ പുസ്തകങ്ങളും വായനാ സൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും വേണ്ടത്ര വായനക്കാര്‍ വായനശാലകളിലേക്ക് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് അധ്യക്ഷനായി. ലൈബ്രറി സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ടി.എം. വാസുദേവന്‍, ഡോ. പി.കെ. ശശി, ഡോ. നസ്റുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.