കൊല്ലം: ടാര്‍പ്പാ ഷെഡില്‍ ജീവിക്കുന്ന നടക്കാന്‍ കഴിയാത്ത രണ്ടു മക്കളുടെയും അമ്മയുടെയും ദുരിത ജീവിതത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ ഭരണകൂടത്തോട് മനുഷ്യാവകാശ കമ്മീഷന്‍. വെസ്റ്റ് കല്ലട ഐത്തോട്ടുവ സ്വദേശിനി ഷൈലജയുടെയും മക്കളുടെയും ദുരിത ജീവിതം മനസിലാക്കി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി കൊല്ലം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നടക്കാന്‍ ശേഷിയില്ലാത്ത മക്കളെ എടുക്കണമെങ്കില്‍ നാലു പേര്‍ വേണം. ഇക്കഴിഞ്ഞ മഴക്കാലത്ത് വീട്ടില്‍ വെള്ളം കയറിയപ്പോള്‍ നാട്ടുകാര്‍ ചുമന്നാണ് സമീപത്തെ വീട്ടില്‍ എത്തിച്ചത്. സന്നദ്ധപ്രവര്‍ത്തകരാണ് ഇവരെ സഹായിക്കുന്നത്. പഞ്ചായത്ത് സഹായിച്ചിട്ടില്ല. ഷൈലജയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചു. രോഗം കാരണം ഷൈലജക്ക് ജോലി ചെയ്യാനാവില്ല. ക്ഷേമപെന്‍ഷന്‍ കിട്ടാത്തതുകൊണ്ട് മരുന്ന് വാങ്ങാന്‍ നിവ്യത്തിയില്ല. മകന് 30 വയസുണ്ട്. വീട് വേണമെന്നാണ് ഇവരുടെ ആവശ്യം. ദ്യശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.