തൃശൂരില്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി

തൃശൂര്‍ : സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. തൃശൂര്‍ വിവേകോദയം ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. തോക്കുമായി സ്‌കൂളിലെത്തിയ പൂര്‍വ വിദ്യാര്‍ത്ഥി ക്ലാസ് റൂമിലെത്തി മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മുളയം സ്വദേശിയായ ജഗന്‍ എന്നയാളാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ച്ചത്. ഇന്ന് രാവിലെ തൃശൂര്‍ വിവേകോദയം സ്‌കൂളിലാണ് സംഭവം. മൂന്ന് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. രണ്ട് അധ്യാപകരുടെ പേര് ചോദിച്ചായിരുന്നു ഭീഷണിയും വെടിവെപ്പും. ഇയാളെ തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഇയാള്‍ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. ആദ്യം സ്റ്റാഫ് റൂമിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറി എത്തിയ പ്രതി സ്‌കൂള്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അധ്യാപകര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തെന്ന് അധ്യാപകര്‍ പറഞ്ഞു.

സാധാരണ പൂര്‍വവിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് എത്താറുള്ളതുപോലെ ജഗനും എത്തിയതാണെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് സ്റ്റാഫ് റൂമിലെത്തിയ പ്രതി അവിടെ കുറച്ചുനേരം നടന്ന ശേഷം കസേരയിലിരിക്കുകയും ബാഗില്‍ നിന്ന് എയര്‍ ഗണ്‍ കൈയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് അധ്യാപകരുടെ പേര് ചോദിച്ച് ഭീഷണി തുടങ്ങുകയുമായിരുന്നെന്ന് അധ്യാപകര്‍ വ്യക്തമാക്കി. ശാന്തനാക്കാന്‍ നോക്കിയെങ്കിലും ക്ലാസ് റൂമിലേക്ക് ഇരച്ചുകയറി കുട്ടികളെയും അവിടെയുണ്ടായിരുന്ന അധ്യാപകരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മൂന്നു തവണ വെടിയുതിര്‍ത്തെന്നും അധ്യാപകര്‍ അറിയിച്ചു. ഭീഷണി മുഴക്കിയപ്പോള്‍ തന്നെ അധ്യാപകര്‍ പൊലീസിനെ വിളിച്ചിരുന്നു. അവരെത്തുംമുമ്പ് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ജഗന്‍ ഇറങ്ങിയോടാന്‍ ശ്രമിക്കവെ അധ്യാപകര്‍ പിടിച്ചുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.

error: Content is protected !!