നവകേരള സദസ്സ് ; ആളെ കൂട്ടാന്‍ വിദ്യാര്‍ത്ഥികളെ അയക്കണമെന്ന വിചിത്രനിര്‍ദേശം പിന്‍വലിക്കണം ; കെപിഎ മജീദ് എംഎല്‍എ

തിരൂരങ്ങാടി : നവകേരള സദസ്സിന് ആളെ കൂട്ടുന്നതിന് ഓരോ വിദ്യാലയത്തില്‍ നിന്നും 200 വിദ്യാര്‍ത്ഥികളെ അയക്കണമെന്ന തിരുരങ്ങാടി ഡിഇഒയുടെ നിര്‍ദേശം പിന്‍വലിക്കണമെന്നും വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചതിന് നടപടി സ്വീകരിക്കണമെന്നും കെ.പി എ മജീദ് എം എല്‍ എ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ പഠന സമയം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുതെന്ന കര്‍ശനനിര്‍ദ്ദേശം നിലനില്‍ക്കെയാണ് ചട്ടലംഘന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാനാവില്ല, പൊതുജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പരാതികള്‍ സ്വീകരിക്കാത്ത നവ സദസ്സില്‍ ആള് കുറയുമെന്ന ആശങ്കയിലാണ് പ്രധാന അധ്യാപകര്‍ക്ക് ടാര്‍ജറ്റ് നല്‍കി കുട്ടികളെ പങ്കെടുപ്പിക്കുന്നത്. പല മേഖലയിലും ഇത് പോലെ ടാര്‍ജറ്റ് നല്‍കിയാണ് നവകേരള സദസ്സിന് ആളെ കൂട്ടുന്നത്. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിനപ്പുറം സദസില്‍ കുട്ടികളെ പോലും നിറച്ച് നടത്തുന്ന ഈ ആഘോഷം വെറും ആഭാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന നിര്‍ദേശത്തില്‍ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ രംഗത്തെത്തിയിരുന്നു. കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടില്ലെന്നും പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഡിഇഒ പറഞ്ഞു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴില്‍ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്‌കൂള്‍ ബസ് ഉപയോഗിക്കാം എന്നായിരുന്നു നിര്‍ദേശമെന്നും ഡിഇഒ വിക്രമന്‍ വിശദീകരിച്ചു.

error: Content is protected !!