കൊച്ചി: പ്രമേഹ രോഗവും അണുബാധയും കാരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതുകാല്‍പാദം മുറിച്ചു മാറ്റി. കാനത്തിന്റെ ഇടതു കാലിന് മുന്‍പ് ഒരു അപകടം വരുത്തിയ പ്രയാസങ്ങളുണ്ട്. അടുത്തിടെയാണ് ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്ത വലതു കാലിന്റെ അടിഭാഗത്തു മുറിവുണ്ടാകുന്നത്. പ്രമേഹം കാരണം അത് ഉണങ്ങിയില്ല. രണ്ടു മാസമായിട്ടും ഉണങ്ങാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിയത്. പഴുപ്പ് വ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ്, രണ്ടു വിരലുകള്‍ മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, ശസ്ത്രക്രിയ വേളയില്‍ മൂന്നു വിരലുകള്‍ മുറിച്ചു. എന്നിട്ടും മാറ്റം കാണാതെ വന്നതോടെയാണ് ചൊവ്വാഴ്ച പാദം തന്നെ മുറിച്ചു മാറ്റിയത്.
അതേസമയം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അവധി അപേക്ഷ 30 ന് ചേരുന്ന എക്‌സിക്യൂട്ടീവില്‍ വിശദമായി ചര്‍ച്ചചെയ്യും. മൂന്ന് മാസം ചുമതലകളില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വലതു കാല്‍പാദം മുറിച്ച് മാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സയിലാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കി സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് പോകട്ടെ എന്നാണ് കാനത്തിന്റെ നിലപാട്.
അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്ക് ആര്‍ക്കെങ്കിലും പകരം ചുമതല നല്‍കുന്നതില്‍ അടക്കം തീരുമാനങ്ങള്‍ മുപ്പതിന് ചേരുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടാകും. തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയ കാനം രാജേന്ദ്രന്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ്. കൃത്രിമ കാല്‍ ഘടിപ്പിക്കുന്നത് അടക്കം ചികിത്സകള്‍ക്ക് മൂന്ന് മാസമെങ്കിലും വേണ്ടിവരും. കാനത്തിന്റെ നിലപാട് കണക്കിലെടുത്ത് മാത്രമായിരിക്കും സിപിഐ നേതൃത്വത്തിന്റെ തുടര്‍ തീരുമാനങ്ങള്‍.
2022 ഒക്ടോബറിലാണ് കാനം രാജേന്ദ്രന്‍ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. കൃത്രിമ പാദവുമായി പൊരുത്തപ്പെട്ട ശേഷം രാഷ്ട്രീയ രംഗത്ത് സജീവമാകാനാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ കാനം