ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് കേസ് പരിഗണിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്.
2021 ജൂണ്‍ 30ന് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാര്‍ സി ഐ ആയിരുന്ന ടി ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബര്‍ 21 ന് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയില്‍ തുടങ്ങി. കേസില്‍ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. അടുത്തയിടെ കേസ് പരിഗണിച്ച കോടതി കുട്ടിയുടെ ജനന രജിസ്റ്റര്‍ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിക്കുകയും ഇത് സംബന്ധിച്ച് മറ്റെന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. അനാവശ്യ പരാതികള്‍ നല്കി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം ഇതുവരെ കോടതിയില്‍ നടത്തിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ പരമാവധി ശ്രമം പ്രതിഭാഗം നടത്തിയിട്ടുണ്ട്. വിചാരണക്കിടെ പുതിയ ജഡ്ജി ചര്‍ജ്ജെടുത്തും വിധി പ്രസ്താവം വൈകിപ്പിച്ചു.
അതേസമയം, നിരപരാധിയായ യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്കെതിരെ പ്രൊസീക്യൂഷന് അപ്പീല്‍ നല്‍കിയേക്കും. പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടെ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.