തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്കു നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയതോടെ വഞ്ചിയൂര്‍ കോടതി നാലാം പ്രതിയായ രാഹുലിനെ 22 വരെയാണ് റിമാന്‍ഡ് ചെയ്തത്. പൂജപ്പുര ജയിലിലേക്ക് രാഹുലിനെ മാറ്റും. അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പുലര്‍ച്ചെയുള്ള അറസ്റ്റ് ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാനെന്നാണ് പൊലീസ് വാദം. രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് നാളെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.
രാഹുലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്ലിനിക്കലി ഫിറ്റാണെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമായിരുന്നു രണ്ടാമതും മെഡിക്കല്‍ പരിശോധന നടത്തിയപ്പോളും റിപ്പോര്‍ട്ട്. ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് രണ്ടാമതും രാഹുലിന് മെഡിക്കല്‍ പരിശോധന നടത്തിയത്. കിംസ് ആശുപത്രിയില്‍ നിന്ന് 6/1/24 ന് ഡിസ്ചാര്‍ജ് ആയതും, മരുന്നുകള്‍ കഴിക്കുന്നതും പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇന്ന് പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.