മലപ്പുറം : ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ 483 വാഹനങ്ങള്‍ക്കെതിരെ കേസ്. തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, ഏറനാട് എന്നിവിടങ്ങളിലാണ് വ്യാപക പരിശോധന നടന്നത്. കേസെടുത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് 9.6 ലക്ഷം രൂപ പിഴയീടാക്കി.
ടാക്‌സ് അടയ്ക്കാതെയും ഫിറ്റ്‌നസ് ഇല്ലാതെയും സര്‍വീസ് നടത്തിയ 130 വാഹനങ്ങള്‍ക്കെതിരെയും ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടിയ 70 വാഹനങ്ങള്‍ക്കെതിരെയും സ്‌കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ ലോറികള്‍ക്കെതിരെയും നടപടിയെടുത്തു. അമിതഭാരം കയറ്റി ഓടിയ ടിപ്പര്‍ ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ചരക്കുവാഹനങ്ങള്‍ കേന്ദ്രീകരിച്ച് ഈ ആഴ്ച ജില്ലയിലാകെ വ്യാപക പരിശോധന നടത്തും. നിയമലംഘനം നടത്തി ഓടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.