വീട്ടില്‍ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് മുഖത്തിടിച്ച ശേഷം കടന്നു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ച അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 5.30 ഓടെ കട്ടപ്പന സ്വദേശിനിയായ 30 കാരിക്ക് നേരെയാണ് അക്രമണം ഉണ്ടായത്. യുവതിയും ഭര്‍ത്താവും മാത്രമാണ് ഇവിടെ താമസം. ഭര്‍ത്താവ് കട്ടപ്പനയില്‍ ജോലിസ്ഥലത്തായിരുന്നതിനാല്‍ യുവതി തനിച്ചാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.
വീട്ടില്‍ വന്ന് ആരോ വിളിച്ചപ്പോള്‍ ഭര്‍ത്താവ് ആണെന്നു കരുതി യുവതി വാതില്‍ തുറന്നയുടന്‍ മുഖത്ത് കണ്ണട വെച്ച് തുണി കൊണ്ട് മുഖം മറച്ച അക്രമി മുഖത്തു മുളക് പൊടിപോലെ എന്തോ വലിച്ചെറിഞ്ഞ ശേഷം കൈ കൊണ്ട് യുവതിയുടെ മുഖത്തിടിച്ച് പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേയ്ക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ആദ്യം ഒരു നിമിഷം അമ്പരന്ന യുവതി പെട്ടെന്ന് മനോബലം വീണ്ടെടുത്ത് ഇയാളെ തിരിച്ച് പ്രതിരോധിക്കാനും രക്ഷപ്പെടാനും ശ്രമിച്ചു. ചെറുത്തു നിന്ന യുവതിയെ കീഴ്‌പ്പെടുത്താനാകുന്നില്ലന്ന് കണ്ടതോടെ ഓടി രക്ഷപ്പെടാനുള്ള ശ്രമം ആരംഭിച്ചു. ഈ സമയം പിന്നാലെയെത്തിയ യുവതി ഉറക്കെ നിലവിളിച്ച് ആളെ കൂട്ടിയതോടെ അജ്ഞാതനായ ആക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട് ഭര്‍ത്താവിനെ വിവരം അറിയിച്ച് വീട്ടിലേക്ക് വരുത്തുകയായിരുന്നു.
തുടര്‍ന്ന് യുവതിയും ഭര്‍ത്താവും കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവുമായി ബന്ധപ്പെട്ട് 16 കാരനെ കസ്റ്റഡിയിലെടുത്തു. കൗമാരക്കാരന്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നോട്ടീസ് നല്‍കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ജ്യുവനൈല്‍ ആക്ട് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും. പീഡനശ്രമം, വീടിനുള്ളില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.