Wednesday, September 2

എസ്എസ്എല്‍സി ഫലം ഇന്ന് ; ഫലം കാത്ത് 4,27,105 വിദ്യാര്‍ത്ഥികള്‍ ; ഫലം അറിയാനുള്ള സൈറ്റുകളും ആപ്പുകളും ഇതാ

തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷകള്‍ പൂർത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം വരുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാലുമണിക്ക് മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും.

ഇത്തവണ 4,27,105 വിദ്യാർത്ഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. ഇതില്‍ 2,17,525 പേർ ആണ്‍കുട്ടികളും 2,09,580 പേർ പെണ്‍കുട്ടികളുമാണ്. കഴിഞ്ഞവർഷത്തെക്കാൾ 7977 വിദ്യാർത്ഥികൾ കൂടുതൽ. 99.7% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. 70 ക്യാമ്ബുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയത്തിന്റെ ഭാഗമായി. ഫലം വന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവേശന നടപടി ആരംഭിക്കാനാണ് വകുപ്പിന്റെ തീരുമാനം.

പരീക്ഷാ ഫലം
www.prd.kerala.gov.in,
www.result.kerala.gov.in,
www.examresults.kerala.gov.in,
https://sslcexam.kerala.gov.in,
www.results.kite.kerala.gov.in,
https://pareekshabhavan.kerala.gov.in

എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

എസ്.എസ്.എല്‍.സി / ഹയർ സെക്കൻഡറി/ വി.എച്ച്‌.എസ്.ഇ ഫലങ്ങളറിയാൻ ‘സഫലം 2024′ എന്ന മൊബൈല്‍ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്.എസ്.എല്‍.സി-യുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോർട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈല്‍ ആപ്പിലും’റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.