തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് എന്നിവിടങ്ങളിലും 13ാം തിയ്യതി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. 14ന് പത്തനംതിട്ടയിലും 15ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു.
അതേസമയം ഇന്ന് ഒരു ജില്ലയിലും ഉയര്‍ന്ന ചൂട് മുന്നറിയിപ്പില്ല. ഏറ്റവും ഉയര്‍ന്ന ചൂട് കൊല്ലത്താണു രേഖപ്പെടുത്തിയത്. അവിടെ 36.5 ഡിഗ്രി സെല്‍ഷ്യസാണു താപനില. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന പാലക്കാട്ട് താപനില 33.7 ഡിഗ്രി സെല്‍ഷ്യസിലേക്കു താഴ്ന്നു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.