നിലമ്പൂര്‍ കരുളായി നെടുങ്കയത്ത് കരിമ്പുഴയില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിനിടെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തില്‍ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫിസറെയും പ്രതികളാക്കിയാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ മുര്‍ഷിന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്.
തിരൂര്‍ കല്‍പ്പകഞ്ചേരി എം എസ് എം സ്‌കൂളിലാണ് കുട്ടികള്‍ പഠിച്ചിരുന്നത്. കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ചുഴിയില്‍ പെടുകയായിരുന്നു. സംഭവം നടന്ന ദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ക്യാമ്പിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന മൂന്ന് അധ്യാപകരും ബീറ്റ് ഫോറസ്റ്റ് ഓഫീസറും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കുറ്റകരമല്ലാത്ത നരഹത്യക്ക് അധ്യാപകര്‍ക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥനും എതിരെ പോലീസ് കേസെടുത്തു.
വിദ്യാര്‍ത്ഥിനികളുടെ മുങ്ങി മരണത്തില്‍ ക്യാമ്പിലുണ്ടായിരുന്ന അധ്യാപകര്‍ക്കും ഉദ്യോഗസ്ഥനും വീഴ്ച വന്നു എന്ന കണ്ടെത്തലിലാണ് പൊലീസ് കേസെടുത്തത്. കുട്ടികളെ ക്യാമ്പിലേക്ക് എത്തിച്ച അധ്യാപകര്‍ക്ക് അവരുടെ സുരക്ഷാസംബന്ധിച്ച് വ്യക്തമായ ഉത്തരവാദിത്വം ഉണ്ടെന്നും അത് പാലിക്കാന്‍ അധ്യാപകര്‍ക്കും ഫോറസ്റ്റ് ഓഫീസര്‍ക്കും കഴിഞ്ഞിട്ടില്ലന്നും പൂക്കോട്ടുംപാടം എസ് എച്ച് ഒ അനീഷ് അറിയിച്ചു. 304 എ വകുപ്പ് പ്രകാരമാണ് അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കി കേസ് എടുത്തത്.