വേങ്ങര : ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെയും പരിരക്ഷാ ഭാരവാഹികളുടേയും പെയിൻ ആൻറ് പാലിയേറ്റീവ് ചുമതല വഹിക്കുന്നവരുടെയും സംയുക്ത യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പെയിൻ ആൻറ് പാലിയേറ്റീവ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പാവപ്പെട്ട രോഗികൾക്ക് മികച്ച സംവിധാനങ്ങൾ ഒരുക്കി നൽകുന്ന തിനും ബ്ലോക്ക് പഞ്ചായത്ത് സദാ സന്നദ്ധമാണെന്ന് പ്രസിഡണ്ട് അറിയിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പാലിയേറ്റീവ് ജില്ലാ കോ-ഓർഡിനേറ്റർ ഫൈസൽ വിഷയം അവതരിപ്പിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അംജതാ ജാസ്മിൻ, തെന്നല പ്രസിഡണ്ട് സലീന കരുമ്പിൽ, കണ്ണമംഗലം പ്രസിഡണ്ട് ഹംസ ഉത്തമ്മാവിൽ , വേങ്ങര വൈസ് പ്രസിഡണ്ട് ടി.കെ കുഞ്ഞുമുഹമ്മദ്, എടരിക്കോട് വൈസ് പ്രസിഡണ്ട് ആബിദ പൈക്കാടൻ, പറപ്പൂർ പഞ്ചായത്ത് പി.എച്ച്.സി മെഡിക്കൽ ഓഫീസർ, വേങ്ങര സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ദിനേഷ്, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വേങ്ങര, ഏ.ആർ നഗർ, മമ്പുറം, ഊരകം, കണ്ണമംഗലം, എടരിക്കോട്, പറപ്പൂർ എന്നീ പാലിയേറ്റീവ് സെൻററുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വിവിധ പഞ്ചായത്തുകളിലെ പെയിൻ ആൻറ് പാലിയേറ്റീവ് ഭാരവാഹികൾ പാലിയേറ്റീവ് രംഗം നേരിടുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും കുറിച്ച് യോഗത്തിൽ സംസാരിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുതലങ്ങളിലും സർക്കാർ തലത്തിലും സ്വീകരിക്കേണ്ട തുടർ നടപടികൾ എന്തൊക്കെയെന്ന് യോഗം വിലയിരുത്തി. പെയിൻ ആൻറ് പാലിയേറ്റീവ് രംഗത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും പരിരക്ഷാ പ്രവർത്തകരും പഞ്ചായത്തുതലങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പാലിയേറ്റീവ് സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻറെ പ്രാധാന്യം അംഗീകരിച്ചു കൊണ്ടും, പഞ്ചായത്തു തലങ്ങളിൽ പ്രത്യേക യോഗങ്ങൾ ചേരുന്നതിന് തീരുമാനിച്ചുകൊണ്ടും യോഗം അവസാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ റഷീദ് പി.കെ നന്ദി അറിയിച്ചു.