പരപ്പനങ്ങാടി : നഗരസഭയിലെ തോട്ടിലൂടെ രൂക്ഷഗന്ധമുള്ള കറുത്ത ജലം ഒഴുകുന്നത് പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നു. നഗരസഭയിലെ വിവിധ ഡിവിഷനുകളിലൂടെ ഒഴുകി തണ്ടാണിപ്പുഴ മുതല്‍ കല്‍പ്പുഴ വരെയെത്തുന്ന തോട്ടില്‍ 15ാം ഡിവിഷനിലെ മധുരം കാട് ഭാഗങ്ങളില്‍ നിന്നാണ് രൂക്ഷ ഗന്ധമുള്ള കറുത്ത ജലം ഒഴുകുന്നത്.
തോട്ടിലേക്ക് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മറ്റും മലിന ജലവും കക്കൂസ് മാലിന്യങ്ങളും തള്ളിവിടുന്നത് പതിവായിരുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തോട്ടിലെ വെള്ളം പരിശോധന നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ഷാജി മുങ്ങാത്തം തറ നഗരസഭ ആരോഗ്യ വിഭാഗം അധികാരികള്‍ക്ക് പരാതി നല്‍കി.
മലിന ജലത്തില്‍ ഇറങ്ങി ജോലികളില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ക്കും സമീപ വീടുകളിലെ ജലസ്രോ തസ്സിലേക്ക് മലിനജലമെത്തുന്നതും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതും ആശങ്കയേറ്റുന്നുണ്ട്.