തിരൂരങ്ങാടി : 14 വയസുകാരിയായ സ്വന്തം മകളെ ലൈംഗീകമായി പീഢിപ്പിച്ച പിതാവിന് 139 വര്‍ഷം കഠിന തടവും 5,85,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 6 വര്‍ഷവും 3 മാസവും അധിക തടവും അനുഭവിക്കുന്നതിനും ഉത്തരവിട്ടു. സംഭവം മറച്ചു വെച്ച അമ്മയെയും അമ്മൂമ്മയെയും 10000 രൂപ വീതം പിഴയടക്കുന്നതിനും ശിക്ഷിച്ചു. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ഫാത്തിമബീവി എ. ആണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ പിഴ അടക്കുന്ന പക്ഷം മുഴുവന്‍ തുകയും അതിജീവിതക്ക് നല്‍കുന്നതിന് ഉത്തരവായി. പിഴയടച്ചില്ലെങ്കില്‍ മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനുമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുമുണ്ട്.
2020 മെയ് 21 നാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി 11 മണിക്കും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളും രാത്രി ഉറങ്ങി കിടക്കുകയായിരുന്ന അതിജീവിതയെ വിവസ്ത്രയാക്കി ലൈംഗികാതിക്രമം കാണിക്കുകയും ഇതിന് 3 വര്‍ഷങ്ങള്‍ക്ക് മുമ്പ് പലതവണ ലൈംഗികാതിക്രമം ചെയ്തുവെന്നുമാണ് കേസ്. തിരൂരങ്ങാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
സംഭവത്തെകുറിച്ച് അതിജീവിതയില്‍ നിന്ന് അറിഞ്ഞ അമ്മയും മുത്തശ്ശിയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചു വെച്ചു എന്നുമുള്ള കാര്യത്തിന് ഇരുവരെയും യഥാക്രമം രണ്ടും മൂന്നും പ്രതികളായുമാണ് കേസെടുത്തത്. ഒന്നാം പ്രതിയായ അതിജീവിതയുടെ പിതാവിന് വിവിധ വകുപ്പുകളിലായി -139 വര്‍ഷം കഠിന തടവും, 5,85,000/ രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ 6 വര്‍ഷവും 3 മാസവും അധിക തടവും അനുഭവിക്കുന്നതിനും സംഭവം മറച്ചു വെച്ച അമ്മയെയും അമ്മൂമ്മയെയും 10000 രൂപ വീതം പിഴയടക്കുന്നതിനും പിഴയടച്ചില്ലെങ്കില്‍ 15 ദിവസം വീതം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്.
തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെകടര്‍ നൌഷാദ്. ഇ, ഇന്‍സ്‌പെക്ടര്‍ വിനോദ്. എം.ജി എന്നിവരായിരുന്നു ഈ കേസ്സിലെ അന്വേഷണോദ്യോഗസ്ഥര്‍. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷമ മാലിക് ഹാജരായി. പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 19 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 17 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ് പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ ശ്രീമതി. സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു.
ഒന്നാം പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.