തിരൂരങ്ങാടി : വായനവാരത്തോടനുബന്ധിച്ച് നന്നമ്പ്ര ജി എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള പ്രാദേശിക ലൈബ്രറി ‘പുസ്തകപ്പുലരി’യുടെ ഉദ്ഘാടനം നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന ഷാജി പാലക്കാട്ട് നിർവ്വഹിച്ചു. പ്രദേശത്തെ എട്ട് ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗത്തിനും ലൈബ്രേറിയനായി രക്ഷിതാക്കളിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്താണ് ലൈബ്രറി പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
രക്ഷിതാക്കളിൽ വായന ശീലം വളർത്താനുള്ള പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്. മികച്ച വായനക്കാരെ പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതായിരിക്കും. എട്ട് പ്രദേശങ്ങൾക്കുള്ള പുസ്തകപ്പെട്ടികൾ ചടങ്ങിൽ വച്ച് അതാത് ലൈബ്രേറിയന്മാർക്ക് കൈമാറി.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വിജയൻ എം അധ്യക്ഷത വഹിച്ചു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ബാപ്പുട്ടി സി, വാർഡ് മെമ്പർമാരായ പ്രസന്നകുമാരി ടി, ഷാഹുൽ ഹമീദ്, മുൻ എച്ച് എം അബ്ദുൽ അസീസ് പി എം എന്നിവർ ആശംസകൾ നേർന്നു. എസ് ആർ ജി കൺവീനർ ജുബൈരിയ.സി പദ്ധതി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് കെ മറിയാമു ടീച്ചർ സ്വാഗതവും ഗീത സി കെ നന്ദിയും പറഞ്ഞു.