മലപ്പുറം: അരീക്കോട് കീഴുപറമ്പില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. കീഴുപറമ്പ് കുനിയില്‍ പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ (12) ചെറുവാലക്കല്‍ പാലാപറമ്പില്‍ ഗോപിനാഥന്റെ മകള്‍ ആര്യ (16) എന്നിവരാണ് മരിച്ചത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു.
കുനിയില്‍ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണാണ് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് കുട്ടികള്‍ ആണ് അപകടത്തില്‍ പെട്ടത്. ഒരാളെ ചികിത്സയില്‍ ഉള്ള ആര്യയുടെ അച്ഛന്റെ സഹോദരി ബിന്ദു ആണ് രക്ഷിച്ചത്. അപ്പോഴേക്കും മറ്റു രണ്ട് കുട്ടികള്‍ മുങ്ങിപ്പോയി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെ കൂട്ടുകാര്‍ക്കൊപ്പമാണ് ഇരുവരും കുളിക്കാന്‍ പോയത്. നീന്തി കുളിക്കുന്നതിനിടെ ഇവര്‍ മുങ്ങിത്താഴ്ന്നതോടെ, കൂടെയുണ്ടായിരുന്നവര്‍ ശബ്ദമുണ്ടാക്കി ആളെക്കൂട്ടി. അരീക്കോട് പൊലീസും മുക്കത്തുനിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തുമ്പോഴേക്കു പ്രദേശവാസികള്‍ ഇരുവരെയും പുറത്തെടുത്തിരുന്നു. തുടര്‍ന്നു പൊലീസുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് വാഹനം കേടായി. പിന്നീട് ഫയര്‍ഫോഴ്‌സിന്റെ വാഹനത്തില്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്.
അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. അഭിനന്ദ കീഴുപറമ്പ് ഗവ. ഹയര്‍ സെക്കന്ഡറി ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: ജിഷി. സഹോദരി: അഹല്യ. മൃതദേഹങ്ങള്‍ ഇന്നു സംസ്‌കരിക്കും.