ദുരന്തഭൂമിയായി വയനാട് ; 41 മരണം, ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു, ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മാനന്തവാടി: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 41 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലിനെ തുടർന്ന് ചൂരല്‍മലയില്‍ തകർന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം.

മുണ്ടക്കൈ ട്രീവാലി റിസോർട്ടില്‍ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെടുന്നുണ്ട്. കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും കണ്ണൂർ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു.

രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്. എയർഫോഴ്സിന്റെ എ.എല്‍.എച്ച്‌, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്.രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. അധികം വൈകാതെ സംഘം കല്‍പറ്റ എസ്.കെ.എം.ജെ. സ്കൂള്‍ ഗ്രൗണ്ടിലെത്തും. പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ഉള്‍പ്പെടെ സംഘത്തിലുണ്ട്. വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ എയർ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവർത്തനങ്ങളിലേക്കാണ് സൈന്യം ആദ്യം നീങ്ങുക.

ടെറിട്ടോറിയല്‍ ആർമി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്ബനിയും ഉടൻ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. കണ്ണൂർ കന്റോണ്‍മെന്റില്‍ നിന്ന് കരസേനയുടെ രണ്ട് സംഘം കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് കരസേനയുടെ 190 അംഗ സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ഇതില്‍ 138 പേർ നേരത്തെ പുറപ്പെട്ടിരുന്നു എൻഡിആർഎഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്. രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ ടീമുകളും രക്ഷാപ്രവർത്തനത്തിന് എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.

രക്ഷാപ്രവർത്തനത്തിന് കൂടുതല്‍ ആർമി, എയർ ഫോഴ്സ്, നേവി തുടങ്ങിയ സേനാ വിഭാഗങ്ങള്‍ വയനാട്ടിലേക്ക് തിരിക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. വയനാടിന് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ നിർദേശം നല്‍കിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഉരുള്‍ പൊട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ ആരായുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!