മൂന്നിയൂര്‍:. നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനം കഴിയാത്ത ഷട്ടറിന്റെ സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടു. മൂന്നിയൂര്‍ തെക്കെപാടത്തെ കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമാകുന്ന കളത്തിങ്ങല്‍ പാറ മൂഴിക്കല്‍ തോടിന് കുറുകെ മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഷട്ടറിന്റെ ഒരു സൈഡില്‍ ഫില്ലറിനോട് സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളത്. നിര്‍മ്മാണത്തിലെ അപാകതയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിടിപ്പ് കേടുമാണ് ഇതിന് കാരണമെന്ന് നാട്ടുകാരും കൃഷിക്കാരും പറഞ്ഞു.
നേരത്തെ ഉണ്ടായിരുന്ന 40 വര്‍ഷം പഴക്കമുള്ള പഴയ ഷട്ടര്‍ പൊളിച്ച് പഞ്ചായത്ത് ഫണ്ടില്‍ നിന്നും 19 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ഷട്ടര്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനത്തിന് തിയ്യതി നിശ്ചയിക്കുകയും ഉല്‍ഘാടന ശിലാഫലകം കരാറുകാരന്‍ ഷട്ടറില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മാണ സമയത്ത് തന്നെ ഷട്ടറിന്റെ ഒരു ഭാഗത്തെ സൈഡ് വാള്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് സൈഡ് വാള്‍ പുനര്‍ നിര്‍മ്മിക്കാതെ ഷട്ടര്‍ ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിനെതിരെ രംഗത്തിറങ്ങുകയും പ്രദേശത്ത് കരിങ്കൊടി കെട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സൈഡ് വാള്‍ കെട്ടുന്നതിന് വേണ്ടി വീണ്ടും അഞ്ച് ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച സൈഡ് വാളിനോട് ചേര്‍ന്ന ഭാഗത്താണ് ഇപ്പോള്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും പിടിപ്പ് കേടുമാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്ന് നാട്ടുകാരും കര്‍ഷകരും ആരോപിച്ചു. നിര്‍മ്മാണ സമയത്ത് തന്നെ കര്‍ഷകരും നാട്ടുകാരും ബന്ധപ്പെട്ടവരെ ഈ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു.
ആയിരക്കണക്കിന് ഏക്കര്‍ വരുന്ന തെക്കെ പാടത്തെ കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും കാലവര്‍ഷം വരുമ്പോള്‍ കടലുണ്ടി പുഴയില്‍ നിന്നും വെള്ളം കയറുന്നത് തടയുവാനും വേനല്‍ കാലത്ത് കൃഷിക്കാവശ്യമായ വെള്ളം തടഞ്ഞ് നിര്‍ത്തുവാനും ഉള്ള ഏക ആശ്രയമാണ് ഈ ഷട്ടര്‍. ഈ ഗര്‍ത്തത്തിലേക്ക് മഴ വെള്ളം ഒഴുകി ആഴത്തിലേക്ക് ഇറങ്ങി ഷട്ടറിന് വലിയ ഭീഷണിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കടലൂണ്ടി പുഴ നിറഞ്ഞ് കവിഞ്ഞ് ഏത് നിമിഷവും ഷട്ടറിന് മുകളിലൂടെ വെള്ളം ഒഴുകാനിരിക്കുകയാണ്. ഷട്ടറിന് മുകളിലൂടെ വെള്ളം ഒഴുകിയാല്‍ ഷട്ടര്‍ നിലംപൊത്തുമെന്നുറപ്പാണ്. ഇതിന് ഉത്തരവാദികളായ കരാറുകാരനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകരും നാട്ടുകാരും വിവിധ സംഘടനകളും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഷട്ടര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ്, ഉന്നത അധികാരികള്‍ എന്നിവര്‍ക്ക് പരാതികള്‍ കൊടുക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാരും വിവിധ സംഘടനകളും.