പ്രളയത്തിൽ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ കാലിക്കറ്റ് സര്‍വകലാശാല ഫീസില്ലാതെ നല്‍കും ; ചെയ്യേണ്ടത് ഇത്രമാത്രം

പ്രളയദുരന്തത്തില്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമെല്ലാം നഷ്ടമായവര്‍ക്ക് ഫീസും നടപടിക്രമങ്ങളും ഒഴിവാക്കി ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. വയനാട്ടിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റവന്യൂ അധികൃതരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാകും ഇവ നല്‍കുക. 2018-ലെ പ്രളയത്തിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇതേ ഇളവ് നല്‍കിയിരുന്നു. പ്രളയ ദുരന്തത്തിൽ മരിച്ചവർക്കും മുൻ സിന്‍ഡിക്കേറ്റംഗം ഡോ. പി. വിജയരാഘവന്റെ നിര്യണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷനായി.

പ്രധാന തീരുമാനങ്ങള്‍

  • കാലാവസ്ഥാ നിരീക്ഷണ – പരീക്ഷണത്തിനാവശ്യമായ റഡാര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് എന്‍.സി.സി. ആസ്ഥാനത്തിന് സമീപം ഭൂമി ലഭ്യമാക്കാന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലാഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ച് സിന്‍ഡിക്കേറ്റ് സമിതി ശുപാര്‍ശപ്രകാരമാണ് തീരുമാനം. നിലവില്‍ കുസാറ്റില്‍ മാത്രാണ് ഈ സംവിധാനമുള്ളത്.
  • സര്‍വകലാശാല നേരിട്ടു നടത്തുന്ന ഡോ. എം.എസ്. സ്വാമിനാഥന്‍ ചെറിന് പ്രവര്‍ത്തനഫണ്ടായി 10 ലക്ഷം രൂപ നീക്കിവെച്ചു.
  • ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഓഫ് ഹൈഡ്രജൻ ആന്റ് എനർജി സ്റ്റോറേജ് സ്ഥാപിക്കും.
  • സര്‍വകലാശാല നടത്തുന്ന സ്വാശ്രയ സെന്ററുകളിലെ കരാര്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിക്കും.
  • സി. അച്യുതമേനോന്‍ ചെയറിന് സ്ഥലം കണ്ടെത്താന്‍ സര്‍വകലാശാലാ എന്‍ജിനീയറെ ചുമതലപ്പെടുത്തി.
  • വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുടെ നടത്തിപ്പ് പഠിക്കാന്‍ ഡോ. പി. സുശാന്ത് കണ്‍വീനറായി സമിതിയെ നിയോഗിച്ചു.
  • സര്‍വകലാശാലാ അധ്യാപകരുടെ ഇന്‍ക്രിമെന്റിലുള്ള അപാകം പരിഹരിക്കും.
  • 17 ഗവേഷകരുടെ പി.എച്ച്.ഡി. അംഗീകരിച്ചു.
error: Content is protected !!