അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ അനുവദിച്ചില്ല ; ഹാജിയാര്‍പള്ളി മുതുവത്ത് പറമ്പില്‍ വിവാദം

മലപ്പുറം: ഹാജിയര്‍പള്ളി മുതുവത്ത് പറമ്പില്‍ അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. കാരാത്തോട് ഇന്‍കെല്‍ വ്യവസായ സിറ്റിയിലെ ഇന്‌കെലിലെ ഹോളോബ്രിക്‌സ് നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ മിറാജുല്‍ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകന്‍ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരന്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ ഉണ്ടായത്. സോഷ്യല്‍ മീഡിയയിലും ഈ വിഷയം പുകഞ്ഞു കൊണ്ടിരിക്കുന്നു. മഹല്ല് കമ്മിറ്റിയുടെ ധാര്‍ഷ്ട്യം ആണെന്നും നാടിന് നാണക്കേടാണെന്നും നാട്ടുകാര്‍ പറയുന്നു.

ഇന്‍കെല്‍ വ്യവസായ സിറ്റിയിലെ ജലസംഭരണിയില്‍ വീണാണ് കാരാത്തോട് ജിഎംഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ റിയാജ് മൊല്ല മരിച്ചത്. കബറടക്കം നിശ്ചയിച്ച സമയത്തിന്റെ ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് മുത്തുവത്ത് പറമ്പിലെ മസ്ജിദ് നൂര്‍ കമ്മിറ്റി ഭാരവാഹികള്‍ ഖബറടക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചത്. കബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിര്‍പ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവര്‍ക്ക് മാത്രമേ ഖബര്‍സ്ഥാന്‍ ഉള്ളൂ എന്നത് നിയമം ആണെന്നും ഭാരവാഹികള്‍ പറഞ്ഞു. അതിഥി തൊഴിലാളിയുടെ തൊഴിലുടമയായ നാട്ടുകാരന്‍ പള്ളിയിലേക്ക് വരിസംഖ്യ നല്‍കിയിരുന്നില്ല എന്നാണ് ഇതിന്റെ കാരണമെന്നാണ് പറയുന്നത്.

കബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിര്‍പ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവര്‍ക്ക് മാത്രമേ ഖബര്‍സ്ഥാന്‍ ഉള്ളൂ എന്നത് നിയമം ആണെന്നും ആ നിയമപ്രകാരം പ്രസിഡണ്ടിനോ സെക്രട്ടറിക്കോ മാത്രമായി ഒരു തീരുമാനം മാറ്റി എടുക്കാനാവില്ലെന്നും പതിനഞ്ചോളം വരുന്ന അംഗങ്ങളുടെയെല്ലാം അഭിപ്രായത്തിന് അനുസരിച്ചേ ഒരു പൊതുതീരുമാനം എടുക്കാന്‍ കഴിയൂ എന്നുമായിരുന്നു മഹല്ല് കമ്മിറ്റിയുടെ പ്രതികരണം.

കബറടക്കത്തെ ചൊല്ലി ഒരുഭാഗത്ത് തര്‍ക്കങ്ങള്‍ നടന്നപ്പോള്‍ മറുഭാഗത്ത് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സമീപ സ്ഥലമായ പെരുമ്പറമ്പ് ജുമാ മസ്ജിദില്‍ കബറടക്കി. വിദ്യാര്‍ത്ഥി പഠിച്ചിരുന്ന കാരത്തോട് ജി എല്‍ പി സ്‌കൂളില്‍ അല്‍പ സമയം പൊതുദര്‍ശനത്തിനു വെച്ച ശേഷമായിരുന്നു കബറടക്കം ചെയ്തത്.

error: Content is protected !!