പെരിന്തല്‍മണ്ണ: ആരോഗ്യ രംഗം കോര്‍പറേറ്റുകള്‍ കയ്യടക്കി വെച്ചതോടെ ആ രംഗത്ത് വലിയ പ്രതിസന്ധികളുണ്ടാകുന്നുവെന്നും അത് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച വിസ്ഡം യൂത്ത് ഡോക്ടേഴ്സ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. കോര്‍പറേറ്റുകളുടെ സമ്മര്‍ദ്ദം തൊഴില്‍ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും മന:സംഘര്‍ഷത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ആരോഗ്യ രംഗത്തെ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണം എന്നും സമ്മേളനം വിലയിരുത്തി.
കോര്‍പ്പറേറ്റുകളുടെ കടന്നുവരവ് സാധാരണക്കാര്‍ക് ചികിത്സ അപ്രാപ്യമാക്കാന്‍ കാരണമാകും. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് നീതീകരിക്കാനാവില്ല. ആരോഗ്യ പരിപാലനം ഏറെ മനസ്സാന്നിധ്യത്തോടെ സമാധാനപൂര്‍വ്വമായ അന്തരീക്ഷത്തില്‍ നിര്‍വ്വഹിക്കപ്പെടേണ്ടവയാണ്. അക്രമണങ്ങള്‍ക്ക് മുതിരുന്നവരെ മാതൃകാപരമായി ശിക്ഷിക്കപ്പെടുമ്പോഴേ നിര്‍ഭയത്വമുള്ള തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. ജനങ്ങളുടെ ജീവന് രക്ഷിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരുകളുടെ ബാധ്യതയാണ് എന്നുംസമ്മേളനം വിലയിരുത്തി.
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ പി പി നസീഫ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെട്രോ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ പി പി മുഹമ്മദ് മുസ്തഫ, മുഹമ്മദ് സാദിഖ് മദീനി, ഡോ പി പി അബ്ദുല്‍ മാലിക്, ഡോ മുഹമ്മദ് കുട്ടി കണ്ണിയന്‍, ഡോ അഹ്സനു സമാന്, ഡോ മുഹമ്മദ് ഫഹീം, സുഹൈര്‍ പാണ്ടിക്കാട്, ഡോ ടി സി മുഹമ്മദ് മുബഷിര്‍, ഡോ സാദിക്ക് ബിനു കാസിം, ഷൗക്കത്ത് അലി, പി ജൗഹര്‍, ആദില്‍ ഫത്താഹ് എന്നിവര്‍ സംസാരിച്ചു. നവംബര്‍ 16, 17 തീയതികളില്‍ കണ്ണൂര്‍ വെച്ച് സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് ‘പ്രൊഫേസ്’ ന്റെ ഭാഗമായാണ് ഡോക്ടേഴ്സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.