മലപ്പുറം : ജില്ലയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 107 ഓണച്ചന്തകള്‍ തുറന്നു. ജില്ലയില്‍ 95 സഹകരണ ചന്തകളും, ത്രിവേണി സ്‌റ്റോറുകളിലായി 12 ചന്തകളും കൂടെ ആകെ 107 ഓണച്ചന്തകള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. 2024 ഓണ വിപണിയുടെ ജില്ലാതല ഉത്ഘാടനം മലപ്പുറം എം.എല്‍.എ ഉബൈദുള്ള മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തില്‍ വച്ച് നിര്‍വ്വഹിച്ചു. പ്രധാനപ്പെട്ട സഹകരണ സ്ഥാപനങ്ങളില്‍ ഒന്നായ കണ്‍സ്യൂമര്‍ഫെഡിനോടുള്ള സര്‍ക്കാരിന്റെ വിശ്വാസം കൊണ്ടാണ് സര്‍ക്കാര്‍ സഹായത്തോടെ ഓണ വിപണി ഭംഗിയായി നടത്തുന്നതിന് സാധ്യമാകുന്നതെന്നും, ഇത്തരത്തിലുള്ള ജനോപകാര പ്രധമായ സംരംഭഠങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുന്നതിന് കോഡൂര്‍ ബാങ്ക് മാറ്റ് സ്ഥാപനങ്ങളില്‍ നിന്നും മൂന്നില്‍ നില്‍ക്കുന്നതായും എം.എല്‍.എ അറിയിച്ചു.
ദുരന്തത്തില്‍ നിന്നും മാറാത്ത വേദന ഈ അവസ്ഥയിലും വയനാട് ജനങ്ങളുടെ ആഘോഷങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത് എടുത്തുപറയേണ്ടതാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കോഡൂര്‍ ബാങ്ക് പ്രസിഡണ്ട് വി.പി അനില്‍കുമാര്‍ അറിയിച്ചു.
ജില്ലയില്‍ നടക്കുന്ന 107 ചന്തകകളില്‍ ഓരോ ചന്തക്കും 6 ലക്ഷം വീതമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെന്നും, ജില്ലാതല ഉത്ഘാടനം ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറായ കോഡൂര്‍ ബാങ്കിനെയും കണ്‍സ്യൂമര്‍ഫെഡിനെയും അഭിനന്ദിച്ച് ആദ്യവില്പന നടത്തിയ ജോയിന്റ് രജിസ്ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര അറിയിച്ചു.
യോഗത്തില്‍ പ്രസ് ക്ലബ് സെക്രട്ടറി വി.പി നിസാര്‍, സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ സഹദേവന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡ് മലപ്പുറം റീജിയണല്‍ മാനേജര്‍ മുഹമ്മദ് ജുമാന്‍.ബികെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഡൂര്‍ ബാങ്കിന്റെ ബോര്‍ഡ് അംഗം പാലോളി അബ്ദുറഹിമാന്‍ നന്ദി പറഞ്ഞു.