മലപ്പുറം : മുന്‍ എസ്പി സുജിത്ത് ദാസിനെ താനൂര്‍ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് സിബിഐ വീണ്ടും ചോദ്യം ചെയ്തു. നേരത്തെ ഈ കേസില്‍ സുജിത് ദാസിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചത്തലത്തിലാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ആയിരുന്നു ചോദ്യം ചെയ്യല്‍. നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും പരിശോധിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ് സിബിഐ. സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് താനൂര്‍ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലാണ് സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്തത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ് പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിനേഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ലഹരി മരുന്ന് കൈവശം വെച്ചതിന് താമിര്‍ ജിഫ്രിയേയും അഞ്ച് സുഹൃത്തുക്കളേയും മലപ്പുറം എസ് പിക്ക് കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫ് ടീം കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരുന്നത്. മര്‍ദനമേറ്റതിനെത്തുടര്‍ന്നാണ് താമിര്‍ ജിഫ്രി മരിച്ചതെന്ന കാര്യം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പ്രതിഷേധമുയര്‍ന്നു. ഡാന്‍സാഫ് ടീം താമിര്‍ ജിഫ്രിയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ശബ്ദരേഖ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്. സുജിത്ത് ദാസിനെ സസ്‌പെന്ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. മലപ്പുറം മുന്‍എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്ട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്ട്ട് റെയ്ഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്.