മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം 1980 ല്‍ ഇടുക്കിയില്‍നിന്ന് ലോക്‌സഭാംഗമായിട്ടുണ്ട്.

1929 ജൂണ്‍ 15ന് എറണാകുളത്ത് മുളവുകാട് മാടമാക്കല്‍ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി ജനിച്ചു. സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്‌ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാര്‍ഥി ഫെഡറേഷന്‍ സെക്രട്ടറിയായിരുന്നു.1946 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.

എറണാകുളം ജില്ലയില്‍ സിപിഎമ്മിനെ വളര്‍ത്തിയ നേതാക്കളില്‍ പ്രമുഖനാണ്. 1998ലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അച്ചടക്ക നടപടിക്കും വിധേയനായിട്ടുണ്ട്. 2005 ല്‍ വീണ്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ 22 മാസവും അടിയന്തരാവസ്ഥക്കാലത്തടക്കം ആറു വര്‍ഷവും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. 2015ല്‍ പ്രായാധിക്യത്തെ തുടന്ന് പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവായി. സിപിഎമ്മില്‍ എല്ലാക്കാലത്തും വിഎസ് വിരുദ്ധ ചേരിയിലെ നേതാവായിരുന്നു എംഎം ലോറന്‍സ്. പാലക്കാട് സമ്മേളനത്തില്‍ വെട്ടി നിരത്തപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു.

ഭാര്യ പരേതയായ ബേബി. മക്കള്‍: അഡ്വ. എം.എല്‍.സജീവന്‍, സുജാത, അഡ്വ. എം.എല്‍. അബി, ആശ ലോറന്‍സ്.

error: Content is protected !!