തവനൂര്‍ : തവനൂരില്‍ പുതിയതായി സ്‌കൂളില്‍ ചേര്‍ന്ന 17 വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പളറിയാതെ ടിസി നല്‍കി. കേളപ്പന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍നിന്ന് വിടുതല്‍ ചെയ്തത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്നാണ് നിഗമനം. പ്രിന്‍സിപ്പല്‍ വി. ഗോപിയുടെ പരാതിയില്‍ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറിയാണ് കുട്ടികള്‍ക്ക് ടിസി നല്‍കിയിരിക്കുന്നത്. ഒന്നാംവര്‍ഷ പരീക്ഷയുടെ നോമിനല്‍ റോള്‍ പരിശോധനയ്ക്കിടെയാണ് സംഭവം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൊമേഴ്‌സിലെ മൂന്നും ഹ്യുമാനിറ്റീസിലെ രണ്ടും സയന്‍സിലെ പന്ത്രണ്ടും വിദ്യാര്‍ഥികളുടെ ടിസിയാണ് പ്രിന്‍സിപ്പല്‍ അറിയാതെ അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രിന്‍സിപ്പലിന്റെ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടിസി അനുവദിച്ചത്. പ്രിന്‍സിപ്പലിനെക്കൂടാതെ മറ്റു രണ്ടുപേര്‍ക്കാണ് ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ ഐഡിയും പാസ്‌വേഡും അറിയുന്നത്. പുറമേനിന്നുള്ള മറ്റാരെങ്കിലുമാണോ ഇത് ചെയ്തതെന്നും പരിശോധിക്കുന്നുണ്ട്. ഏത് കംപ്യൂട്ടറില്‍നിന്നാണ് ലോഗിന്‍ ചെയ്തതെന്ന് കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായംതേടി.
ഓഗസ്റ്റ് 13നും 14നും രണ്ടുവീതവും 16ന് 13 പേരുടെയും ടിസിയാണ് അനുവദിച്ചത്. രക്ഷിതാക്കളുടെ ആവശ്യപ്രകാരം, മറ്റ് സ്‌കൂളില്‍ ചേര്‍ക്കാന്‍ എന്നിങ്ങനെയൊക്കെയാണ് ടിസി നല്‍കുന്നതിനുള്ള കാരണങ്ങളായി നല്‍കിയത്. സംഭവം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.