മലപ്പുറം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട പാസ്‌വേഡ്- ‘എക്സ്പ്ലോറിംഗ് ഇന്ത്യ’ ക്യാമ്പിന്റെ ഭാഗമായി മലപ്പുറത്തെ വിദ്യാർത്ഥികൾ. വ്യക്തിത്വ വികസനവും കരിയർ ഗൈഡൻസും ലക്ഷ്യമാക്കി സെപ്റ്റംബർ 19 മുതൽ 25 വരെ ബംഗളുരുവിൽ നടത്തിയ ക്യാമ്പിൽ കേരളത്തിലെ വിവിധ ഹയർസെക്കന്ററി സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾ പങ്കെടുത്തു.
മലപ്പുറം ജില്ലയിൽ നിന്നും 20 വിദ്യാർത്ഥികൾ ക്യാമ്പിന്റെ ഭാഗമായി. ട്യൂണിങ്(സ്കൂൾ തലം), ഫ്ലവറിംഗ്(ജില്ലാ തലം)എക്സ്പ്ലോറിംഗ്(ദേശീയ തലം) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പാസ്‌വേഡ് ക്യാമ്പ് പൂർത്തീകരിച്ചത്. സ്കൂൾ-ജില്ലാതല ക്യാമ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എക്സ്പ്ലോറിംഗ് ഇന്ത്യയിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ്, വിശ്വേശ്വരയ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റി, നിംഹാൻസ്, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഇൻഡോ- അമേരിക്കൻ ഹൈബ്രിഡ് സീഡ്സ്(ഇന്ത്യ)പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സന്ദർശനം നടത്തി സെഷനുകളിൽ പങ്കെടുത്തു. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടറേറ്റ് ഫിനാൻസ് ഓഫീസർ സോണി.ജെ ക്യാമ്പിന് നേതൃത്വം നൽകി.
ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽമാരായ പ്രൊഫ. അബ്ദുൽ അയൂബ്, ഡോ. വാസുദേവൻ പിള്ള, കെ. മുനീറ, പി. റജീന, കെ സുജിത, ഡോ.ഹസീന തുടങ്ങിയവർ മേൽനോട്ടം നിർവഹിച്ചു.