കോഴിക്കോട്: വിവാദമായ എടവണ്ണപ്പാറ പ്രസംഗത്തിലെ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തോട് വിശദീകരണം തേടി സമസ്ത. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യം. നടപടി എടുക്കണമെന്ന സമ്മര്‍ദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ സമസ്ത നേതൃത്വമാണ് ഉമര്‍ ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയത്.
എടവണ്ണപ്പാറയിലെ മീലാദ് സമ്മേളനത്തില്‍ ഖാദി സ്ഥാനം വഹിക്കുന്നത് സംബന്ധിച്ച് ഉമര്‍ ഫൈസി നടത്തിയ പ്രസംഗം വലിയ വിവാദത്തിന് കാരണമായിരുന്നു. പ്രസംഗം സാദിഖലി തങ്ങളെ അപമാനിക്കുന്നതാണ് എന്നായിരുന്നു വിമര്‍ശനം. മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നുമായിരുന്നു ഉമര്‍ ഫൈസി മുക്കതിന്റെ വിവാദ പ്രസംഗം. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആക്കാന്‍ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളില്‍ പരിഹാരമായില്ലെങ്കില്‍ ജനങ്ങളോട് തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളില്‍ വിവരം ഇല്ലാത്തവര്‍ അധികം ആവുമ്പോള്‍ അവരില്‍ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാദിഖലി തങ്ങള്‍ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയും ഉമര്‍ ഫൈസി രംഗത്തെത്തിയിരുന്നു.
സാദിഖലി തങ്ങളെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ച ഉമര്‍ ഫൈസിക്കെതിരെ നടപടി വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ സാദിഖലി തങ്ങളെ അപമാനിച്ചിട്ടില്ലെന്നും മതവിധി പറയുകമാത്രമാണ് ചെയ്തത് എന്നുമായിരുന്നു ഉമര്‍ ഫൈസിയുടെ വിശദീകരണം. പ്രസ്താവന വിവാദമായതോടെ തന്നെ സമസ്ത നേതൃത്വം ഉമര്‍ ഫൈസി പറഞ്ഞത് തങ്ങളുടെ നിലപാടല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മതവിധി പറയുന്ന പണ്ഡിതന്‍മാരെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുശാവറയിലെ മറ്റൊരു വിഭാഗം എ വി അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ രംഗത്തെത്തിയിരുന്നു.