പാര്‍ട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന വനിതാ കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം ; ചെരുപ്പ് മാല ആണിയിക്കാന്‍ ശ്രമിച്ച് ഇടതുപക്ഷാംഗങ്ങള്‍

കോഴിക്കോട് : പാര്‍ട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന വനിതാ കൗണ്‍സിലര്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ കുന്നത്ത്‌മോട്ട 14-ാം വാര്‍ഡ് ആര്‍ജെഡി കൗണ്‍സിലര്‍ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. കൗണ്‍സിലറെ ചെരിപ്പുമാല അണിയിക്കാനുള്ള എല്‍ഡിഎഫ് അംഗങ്ങളുടെ ശ്രമം നഗരസഭ കൗണ്‍സിലില്‍ നാടകീയരംഗങ്ങള്‍ക്ക് ഇടയാക്കി. ആര്‍ജെഡിയില്‍ നിന്ന് മുസ്ലിം ലീഗില്‍ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തിങ്കളാഴ്ച കൗണ്‍സില്‍ യോഗം ചേരുന്നതിനു മുമ്പാണു സംഘര്‍ഷമുണ്ടായത്. ആര്‍ജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗില്‍ ചേര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങള്‍ ചെരുപ്പ് മാല ഇടാന്‍ ശ്രമിച്ചത്. രാവിലെ 10.30ന് കൗണ്‍സില്‍ തുടങ്ങാനുള്ള ഒരുക്കത്തിനിടെ എല്‍ഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധവുമായി ഹാളില്‍ എത്തി. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ ഷനൂബിയ നിയാസിന് അഭിവാദ്യം വിളിച്ചു ചുറ്റും വലയം തീര്‍ത്തു പ്രതിരോധിച്ചു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെരിപ്പ് മാലയുമായി അടുത്തേക്കു വന്നതോടെയാണു കയ്യാങ്കളിയുണ്ടായത്. പിടിവലിക്കിടെ ചില കൗണ്‍സിലര്‍മാര്‍ നിലത്തുവീണു. എല്‍ഡിഎഫ് – യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കയ്യാങ്കളിയില്‍ വരെയെത്തി. മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രതിഷേധം എല്‍ഡിഎഫ് അംഗങ്ങള്‍ അവസാനിപ്പിച്ച ശേഷമാണ് കൗണ്‍സില്‍ തുടങ്ങിയത്.

ആര്‍ജെഡി അംഗമായിരുന്ന കൗണ്‍സിലര്‍ ഷനൂബിയ നിയാസ് കഴിഞ്ഞ മാസം 26ന് മുസ്‌ലിം ലീഗില്‍ ചേര്‍ന്നിരുന്നു. ഇതിനു ശേഷമുള്ള ആദ്യ നഗരസഭ കൗണ്‍സിലായിരുന്നു ഇന്നലെ. കഴിഞ്ഞ രണ്ടിനു പുലര്‍ച്ചെ ഷനൂബിയ നിയാസിന്റെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു.

error: Content is protected !!