കണ്ണൂര്‍ : മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് 2 പേര് മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി മോഹന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം നടന്നത്. കേളകം മലയാമ്പാടി റോഡിലെ എസ് വളവില്‍ വച്ചാണ് നാടക സംഘം സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞത്. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. 14 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.
വലിയ ബസ്സുകള്‍ക്ക് പോകാന്‍ സാധിക്കാത്ത ഇടുങ്ങിയ വഴിയാണ് മലയാം പടിയിലേത്. കുത്തനെ ഇറക്കവും വളവുകളും ഉണ്ട്. ഗൂഗിള്‍ മാപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.