ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത മൂന്നഗം സംഘം സഞ്ചരിച്ച കാര്‍ പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണു ; കാര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം ; രാത്രി നടന്ന അപകടം പുറം ലോകം അറിഞ്ഞത് പിറ്റേദിവസം

Copy LinkWhatsAppFacebookTelegramMessengerShare

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത മൂന്നഗം സംഘം സഞ്ചരിച്ച കാര്‍ പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണ് കാര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം. യുപിയിലെ ബറെയിയില്‍ ആണ് സംഭവം. ബറെയ്‌ലിയെയും ബദാവൂന്‍ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. മെയിന്‍പുരി സ്വദേശി കൗശല്‍കുമാര്‍, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാര്‍, അമിത് കുമാര്‍ എന്നിവരാണ് മരിച്ചത്.

ദതാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് പോയിരുന്നതെന്നും പൊലീസ് പറഞ്ഞു. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവര്‍ക്ക് അറിയാന്‍ സാധിച്ചിരുന്നില്ല. വേഗതയില്‍ വന്ന കാര്‍ പാലം അവസാനിക്കുന്നിടത്ത് പെട്ടെന്ന് നിര്‍ത്താന്‍ ഡ്രൈവര്‍ക്കും കഴിഞ്ഞില്ല. ഇതോടെ, പാലത്തില്‍ നിന്ന് 25 അടി താഴേക്ക് വീണ് മൂവരും മരിക്കുകയായിരുന്നു.

രാത്രി നടന്ന അപകടത്തിന്റെ വിവരം ഞായറാഴ്ച രാവിലെയാണ് പുറം ലോകമറിഞ്ഞത്. മണല്‍ത്തിട്ടയില്‍ വീണ് തകര്‍ന്ന നിലയില്‍ രാവിലെ പ്രദേശവാസികളാണ് കാര്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കാറിനകത്ത് മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന പാലം 2022ലെ പ്രളയത്തില്‍ തകര്‍ന്നുപോയിരുന്നു. പാലത്തിന്റെ പുനര്‍നിര്‍മാണം തുടങ്ങിയെങ്കിലും പണി പൂര്‍ത്തിയായിരുന്നില്ല.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!