മലപ്പുറം : അപൂര്‍വ രോഗം പിടിപ്പെട്ട് അരക്ക് താഴെ ബലക്ഷയം വന്ന 14 കാരന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് ചികിത്സാ സഹായ സമിതി ഭാരവാഹികള്‍. മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ പഞ്ചായത്തില്‍ മുതുപറമ്പ് പാമ്പോടന്‍ സൈനുദ്ധീന്‍ ദമ്പതികളുടെ മകന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഷാമില്‍ (14) ആണ് എസ്എംഎ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) എന്ന അപൂര്‍വ്വ രോഗം പിടിപ്പെട്ട് അരക്ക് താഴെ ബലക്ഷയം വന്ന് സ്വന്തമായി നടക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും ഷാമിലിന്റെ ആരോഗ്യ നില മോശമായ അവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കയാണ്. മൂന്നു കോടിയിലധികം ചെലവ് വരുന്ന ചികിത്സക്കായി സഹായമഭ്യര്‍ത്ഥിക്കുകയാണ് കുടുംബവും ചികിത്സാ സഹായ സമിതിയും. പണം സ്വരൂപിക്കുന്നതിനായി എ.എസ്.കെ കെയര്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ആപ്പ് നിര്‍മിച്ചിട്ടുണ്ട്. ഇതിന്റെ ലോഞ്ചിംഗ് ലോഞ്ചിംഗ് ബുധനാഴ്ച കിഴിശ്ശേരി കെ.ഡി.എസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വെച്ച് നടക്കുമെന്ന് ബാരവാഹികള്‍ അറിയിച്ചു
എത്രയും പെട്ടന്ന് ചികിത്സ ലഭ്യമാക്കിയാലെ കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയൂ എന്നാണ് അവനെ ചികിത്സിക്കുന്ന തിരുവനന്തപുരം സാറ്റ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോ.മേരി ഐപ്പ് പറഞ്ഞത്. ചുരുങ്ങിയത് നാല് (4) വര്‍ഷം തുടര്‍ച്ചയായി മെഡിസിന്‍ നല്‍കേണ്ടതുണ്ട്. ഒരു വര്‍ഷത്തെ മെഡിസിന് എഴുപത്തി അഞ്ച് ലക്ഷം (75) രൂപ വില വരുന്നുണ്ട് അതിനാല്‍ ചികിത്സക്ക് മൊത്തം 3 കോടി രൂപയിലധികം ചിലവ് വരുന്നു. ഇത്രയും ഭീമമായ ഒരു തുക സ്വരൂപിക്കാന്‍ കുടുംബത്തിനോ നാട്ടുകാര്‍ക്കോ ഒറ്റക്ക് കഴിയില്ല.
കുട്ടിയും രക്ഷിതാക്കളും സാമ്പത്തികമായും മാനസികമായും വളരെ പ്രയാസത്തിലും ആകുലതയിലും ആണ്. അതിനാല്‍ സ്ഥലം എം.എല്‍.എ ടി.വി. ഇബ്രാഹിമിന്റെ നേതൃത്വത്തിന്‍ തന്നെ വലിയ ഒരു കണ്‍വെന്‍ഷന്‍ മുണ്ടക്കുളം മലബാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത് മുഹമ്മദ് ഷാമില്‍ ചികിത്സാ സഹായ സമിതി എന്ന പേരില്‍ ഒരു കമ്മിറ്റി രൂപികരിച്ചു പ്രവര്‍ത്തനം തുടങ്ങിയിരിക്കയാണ്. കുട്ടിയുടെ ഉമ്മയുടെ പേരിലും കമ്മിറ്റിയുടെ പേരിലും വിവിധ ബാങ്കുകളിലായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അഡ്വ: ഷമീര്‍ കുന്ദമംഗലം ചെയര്‍മാനായ എ.എസ്.കെ കെയര്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ശാമില്‍ ചികിത്സാ ഫണ്ടിന്റെ സുതാര്യതക്ക് വേണ്ടി ഒരു ആപ്പ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അതിന്റെ ലോഞ്ചിംഗ് ബുധനാഴ്ച കിഴിശ്ശേരി കെ.ഡി.എസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വെച്ച് വിപുലമായി നടത്താന്‍ ഉദ്ദേശിക്കുന്നു. എത്രയും പെട്ടന്ന് ചികിത്സ തുടങ്ങാന്‍ വലിയ തുക ആവശ്യമാണ്. പ്രയാസപ്പെടുന്നവരുടെ കണ്ണിരൊപ്പാന്‍ എന്നും മുന്നില്‍ നില്‍ക്കുന്ന സുമനസ്സുകളായ മലയാളികളുടെയും പ്രവാസി സുഹൃത്തുക്കളിലും ആണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഷാമില്‍ ചികിത്സാ സഹായ സമിതി ചെയര്‍മാന്‍ ടി.വി. ഇബ്രാഹിം എംഎല്‍എ, എ.എസ്.കെ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. ഷമീര്‍ കുന്ദമംഗലം, മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബുരാജ്, കണ്‍വീനര്‍ ടി. മുഹമ്മദലി മാസ്റ്റര്‍, ആക്ടിംഗ് ചെയര്‍മാന്‍ ടി. അബ്ദുല്‍ അസീസ്, കബീര്‍ മുതു പറമ്പ്, പി.മുജീബ് റഹ്മാന്‍, അസ്ലംഷേര്‍ ഖാന്‍, ടി.ബിച്ചാപ്പു, നവാസ് നെച്ചിയന്‍ എന്നിവര്‍ സംബന്ധിച്ചു