കുടുംബശ്രീ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കിന്റെ സേവനങ്ങള്‍ തീരദേശ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം

കുടുംബശ്രീ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കിന്റെ സേവനങ്ങള്‍ തീരദേശ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സ്‌നേഹിത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ നടപ്പിലാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിയുടെയും സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കിന്റെയും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മറ്റ് വകുപ്പുകളുമായി സംയോജിച്ച് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു.

സ്ത്രീകളെയും, വിവിധ ലിംഗവിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തികളെയും ലിംഗ വിവേചനങ്ങള്‍ക്കെതിരെയും ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും പോരാടാന്‍ പ്രാപ്തരാക്കുക,നിര്‍ഭയം സാമൂഹിക പ്രതിബന്ധങ്ങള്‍ അതിജീവിച്ച് അവകാശത്തിലധിഷ്ഠിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്‍.ആര്‍.എല്‍.എം പദ്ധതി ദേശീയ വ്യാപകമായി നടത്തുന്ന മൂന്നാംഘട്ട ജെന്‍ഡര്‍ കാമ്പയിന്‍ നയിചേതന 3.0 യുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും എഫ് എന്‍ എച്ച് ഡബ്ല്യൂ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.

ഡെപ്യൂട്ടി കളക്ടര്‍ സരിന്‍.എസ്.എസ്, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സനീറ. ഇ, ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബി രാജ്, സ്‌നേഹിത സ്റ്റാഫ്, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതിക്രമത്തിനും പീഡനത്തിനും വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ സൗജന്യ സഹായ കേന്ദ്രമാണ് സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡസ്‌ക്.കൂടുതല്‍ വിവരങ്ങള്‍ക്ക് :ഫോണ്‍ 0483 2735550, ടോള്‍ ഫ്രീ -18004256864

error: Content is protected !!