വേങ്ങര വലിയോറ പുത്തനങ്ങാടി മഞ്ഞമാട് കടവില്‍ അനധികൃത മണലുടുപ്പ് സജീവം ; പരാതിപ്പെടുന്നവരുടെ ഭീഷണിപ്പെടുത്തുന്നതായി ആരോപണം

വേങ്ങര: വേങ്ങര പഞ്ചായത്തിലെ പുത്തനങ്ങാടി പതിനാലാം വാര്‍ഡ് മഞ്ഞമാട് കടവില്‍ രാത്രികാലങ്ങളില്‍ അനധികൃത മണലുടുപ്പ് സജീവം. കരയില്‍ ചാക്കുകളില്‍ നിറച്ചിടുന്ന മണല്‍ പിന്നീട് കടത്തുകയാണ്. തോണി ഉപയോഗിച്ചാണ് രാത്രികാലങ്ങളില്‍ കടലുണ്ടിപ്പുഴയില്‍ നിന്ന് മണല്‍ എടുക്കുന്നത്. രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മണല്‍ക്കടത്ത് വിവരം അധികൃതരെ അറിയിക്കുന്നവരെ സംഘം ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതോടെ പലരും പരാതിപ്പെടാന്‍ മടിക്കുന്നു.

നാലുമാസം മുമ്പ് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ വേങ്ങര പോലീസ് നടത്തിയ പരിശോധനയില്‍ മണലും കടത്താന്‍ ഉപയോഗിച്ച തോണിയും വേങ്ങര പോലീസ് പിടികൂടിയിരുന്നു. കടലുണ്ടി പുഴയില്‍ വേങ്ങര പഞ്ചായത്ത് സ്ഥാപിച്ച ജലനിധി കിണര്‍ മണലെടുപ്പ് കാരണം തകര്‍ച്ച ഭീഷണിയിലാണ്. വേങ്ങര പഞ്ചായത്തിലെ പ്രധാന കടവായ വലിയോറ പുത്തനങ്ങാടി പതിനാലാം വാര്‍ഡിലെ മഞ്ഞമാട് കടവില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ചങ്ങലയിട്ട് പൂട്ടി വാഹനങ്ങള്‍ ഇറങ്ങുന്നത് തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഇത് തുറന്നു മണല്‍ കടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.

error: Content is protected !!