കൊല്ലം : കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിള വീട്ടില്‍ രവി – അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. അടുതലയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അച്ചു ആറ്റില്‍ മുങ്ങിത്താഴുന്നത് സുഹൃത്തുക്കള്‍ കണ്ടെങ്കിലും പേടിച്ച് അത് പുറത്തു പറയാതിരിക്കുകയായിരുന്നു. കാണാതായി ആറ് ദിവസത്തിന് ശേഷമാണ് അച്ചുവിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ 23-ാം തിയതി കുളിക്കാന്‍ പോയ അച്ചുവിനെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അച്ചു തങ്ങള്‍ക്കൊപ്പം ഇല്ലായിരുന്നുവെന്നാണ് കൂട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. രണ്ടാമതും പൊലീസ് കൂട്ടുകാരെ ചോദ്യം ചെയ്തതോടെയാണ് അച്ചു ആറ്റില്‍ മുങ്ങിത്താണ വിവരം ഇവര്‍ പുറത്തുപറഞ്ഞത്.
മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റില്‍ മണ്ണയംകടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ആണ് അച്ചു ആറ്റില്‍ മുങ്ങിത്താഴ്ന്നത്. ഇതോടെ പേടിച്ച് ആരോടും പറഞ്ഞില്ലെന്ന് കൂട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ച അഗ്‌നിരക്ഷാസേന സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു.