പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം: വിസ്ഡം

തിരൂരങ്ങാടി : പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള പുരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച നേര്‍പഥം ആദര്‍ശ സംഗമം ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ വിവരശേഖരണം കൃത്യമായി സര്‍ക്കാര്‍ വശം ഉണ്ടായിട്ടും, സഹായത്തിനായി ഓഫീസുകളില്‍ കയറിയിറങ്ങേണ്ട സാഹചര്യത്തിലാണ് ഓരോ പ്രദേശത്തെയും ദുരിതബാധിതര്‍ എന്നത് സങ്കടകരമായ കാഴ്ചയാണെന്നും സംഗമം പറഞ്ഞു.

സര്‍ക്കാറിന്റെ പുനരധിവാസ പ്രഖ്യാപനത്തിനായി മാത്രം വിവിധ സന്നദ്ധ സംഘടനകള്‍ കാത്തു നില്‍ക്കുന്നുണ്ടെന്നിരിക്കെ, പ്രഖ്യാപനത്തിനുള്ള കാലതാമസം ഒഴിവാക്കി ജനകീയമായി പുനരധിവാസം നടത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. തൊഴിലിനും, തുടര്‍ ചികിത്സക്കും, മാസാന്ത സാമ്പത്തിക സഹായത്തിനും യുദ്ധകാലാടിസ്ഥാനത്തില്‍ പരിഗണന നല്‍കി കാലതാമസമില്ലാതെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും നേര്‍പഥം ആദര്‍ശ സംഗമം ആവശ്യപ്പെട്ടു.

സംഗമം അബ്ദുല്‍ മാലിക് സലഫി ഉദ്ഘാടനം ചെയ്തു. മുസ്തഫ മദനി ആദര്‍ശ വിശദീകരണം നടത്തി. ഹനീഫ ഓടക്കല്‍, ബഷീര്‍ കാടേങ്ങല്‍, പി.ഒ. ഉമര്‍ ഫാറൂഖ്, ആസിഫ് സലാഹി, ഹാമിദ് എം.സി.സി, അബ്ദുല്‍ മജീദ് കരിപറമ്പ്, അബ്ദുല്‍ അസീസ് ഇടിമുഴിക്കല്‍, ഫൈസല്‍ തലപ്പാറ, അഹമ്മദലി മാസ്റ്റര്‍, മുനീര്‍ സി.പി., അബ്ദുല്ലത്വീഫ് കുറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!