പരപ്പനങ്ങാടി: മൂന്ന് വർഷത്തോളമായി നീട്ടി വളർത്തിയ മുടി അർബുദ രോഗികൾക്കായി നൽകി നാലു വയസ്സുകാരൻ ബദ്രിയുടെ ജീവകാരുണ്യ പ്രവർത്തനം. ഉള്ളണം നോർത്ത് സ്വദേശി ചട്ടിക്കൽ രാകേഷ് – ഷിബിന ദമ്പതികളുടെ മകൻ ബദ്രിയാണ് തൻ്റെ കുഞ്ഞുപ്രായത്തിൽ തന്നെ മുടി നീട്ടി വളർത്തി ഒടുവിൽ അർബുദ രോഗികൾക്കായി സമ്മാനിച്ചത്. പാലക്കാട് നടന്ന കേരള ബീയർഡ് സൊസൈറ്റി ( താടി നീട്ടി വളർത്തുന്നവരുടെ കൂട്ടായ്മ) യുടെ നോ ഷേവ് നവംബർ പരിപാടിയിൽ കേൻസ് ഹെയർ ബാങ്ക് എന്ന ജീവകാരുണ്യ സംഘടനക്ക് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ബദ്രി മുടി മുറിച്ച് നൽകുകയായിരുന്നു.
പിതാവ് കഴിഞ്ഞ ആറ് വർഷമായി കേരള ബീയർഡ് സൊസൈറ്റി അംഗമാണ്. ബദ്രി ഉള്ളണത്തെ അംഗനവാടിയിലാണ് ഇപ്പോൾ പഠിക്കുന്നത്. കലാകാരനും ഓട്ടോ ഡ്രൈവറുമായ പിതാവിൻ്റെ താൽപ്പര്യത്തിലാണ് ബദ്രി മുടി നീട്ടി വളർത്തി തുടങ്ങി. ആദ്യം ഫാഷൻ എന്ന നിലയിൽ തുടങ്ങിയ മുടി നീട്ടി വളർത്തൽ വർഷങ്ങൾ കഴിഞ്ഞതോടെ നല്ല കാര്യത്തിനാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.