കള്ളന്മാര്‍ എന്ന് ഉമര്‍ ഫൈസി മുക്കം ; യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി ജിഫ്രി തങ്ങള്‍

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ജോ.സെക്രട്ടറി ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കുപിതനായത്. ഉമര്‍ഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ഉമര്‍ഫൈസി മുക്കം നടത്തിയ ‘കള്ളന്‍മാര്‍’ എന്ന പ്രയോഗത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. അധ്യക്ഷന്‍ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാധ്യക്ഷന്‍ മുശാവറ യോഗം പിരിച്ചുവിട്ടു.

മുക്കം ഉമര്‍ഫൈസി മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചു പ്രസംഗിച്ചെന്നു സമസ്ത നേതൃത്വത്തിനു പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ ചര്‍ച്ച നടക്കുന്നതിനു മുന്നോടിയായി ഉമര്‍ഫൈസി മുക്കത്തിനോട് യോഗത്തില്‍നിന്നു പുറത്തു നില്‍ക്കാന്‍ ജിഫ്രി തങ്ങള്‍ ആവശ്യപ്പെപ്പെട്ടിരുന്നു. പിന്നീട് അജണ്ടയിലെ മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ അദ്ദേഹത്തോട് യോഗത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉമര്‍ഫൈസി മുക്കം ഇതിനു വിസമ്മതം അറിയിച്ച് യോഗത്തില്‍ തന്നെ തുടരുകയായിരുന്നു. ഇതോടെ മറ്റൊരു മുശാവറ അംഗമായ ബഹാവുദ്ദീന്‍ നദ് വി ‘പ്രസിഡന്റ് പറഞ്ഞിട്ടും പുറത്തിറങ്ങാത്തത് എന്താണെന്നു’ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നാണ് ഉമര്‍ഫൈസി മുക്കം ‘നിങ്ങള്‍ കള്ളന്‍മാര്‍ പറയുന്നതു പോലെ ചെയ്യാനില്ലെന്നു’ മറുപടി നല്‍കിയത്. ഇതോടെ കുപിതനായി ജിഫ്രി തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

error: Content is protected !!