കാലിക്കറ്റിന്റെ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി എം.എ. ഫിലോസഫി പഠനം പൂര്‍ത്തിയാക്കിയ നാല്‍വര്‍ സംഘം വൈസ് ചാന്‍സലറില്‍ നിന്ന് നേരിട്ട് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാനും ഒരുമിച്ചെത്തി. പ്രായം വകവെയ്ക്കാതെ പഠനം തുടരുന്ന ഇവരെ കൈയടികളോടെയാണ് പി.ജി. ഗ്രാജ്വേഷന്‍ സെറിമണി വേദി സ്വീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം കുണ്ടംകുഴി ജി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പലായി വിരമിച്ച പത്മനാഭന്‍ (61), കണ്ണൂര്‍ ചെറുകുന്ന് ജി.ഡബ്ല്യു.എച്ച്.എസ്.എസില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപകനായി വിരമിച്ച പി.ഒ. മുരളീധരന്‍ (59), കണ്ണൂര്‍ ചെറുപുഴയില്‍ 35 വര്‍ഷമായി സമാന്തരവിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പി. നാരായണന്‍ (54), പൂണെ ടെക് മഹീന്ദ്രയില്‍ ഡെലിവറി വിഭാഗം മേധാവിയായി ജോലി നോക്കുന്ന കോഴിക്കോട് ചേമഞ്ചേരി സ്വദേശിയായ കെ. ബിനോയ് (44) എന്നിവരാണ് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകിയത്.
പത്മനാഭന്‍ പൊളിറ്റിക്കല്‍സയന്‍സ്, ഇംഗ്ലീഷ്, എജ്യുക്കേഷന്‍ എന്നിവയിലും നേരത്തേ പി.ജി. കരസ്ഥമാക്കിയിട്ടുണ്ട്. പി.ഒ. മുരളീധരന്‍ 1989ല്‍ കാലിക്കറ്റില്‍ നിന്ന് പൊളിറ്റക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് വാങ്ങിയാണ് ആദ്യ പി.ജി. കരസ്ഥമാക്കിയത്. പിന്നീട് കാലിക്കറ്റില്‍ നിന്ന് അഞ്ചെണ്ണം ഉള്‍പ്പെടെ ഇത് പതിനൊന്നാമത്തെ പി.ജിയാണ്. പി. നാരായണന്റെ അഞ്ചാമത്തെ പി.ജിയാണിത്. എം.സി.എ. പഠിച്ച് ഐ.ടി. മേഖലയിലേക്കിറങ്ങിയ ബിനോയ് അവധി ദിവസങ്ങളിലും ഓണ്‍ലൈനായും പഠനം നടത്തുകയായിരുന്നു. ഔദ്യോഗിക തിരക്കിനിടയിലും വിദൂരവിഭാഗം വഴി എം.എ. സോഷ്യോളജിയില്‍ പി.ജി. നേടിയ കാലിക്കറ്റ് സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫീസര്‍ എസ്.ആര്‍. മിനു, അസിസ്റ്റന്റ് രജ്ഞിത എന്നിവരെയും പരീക്ഷാഭവന്‍ അഭിനന്ദിച്ചു.