അഞ്ചാം ക്ലാസ് മുതല്‍ കേരളത്തില്‍, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബിരുദാന്തരബിരുദവും ; ഇനിയും പഠിക്കാനുറച്ച് ബിചിത്ര

തേഞ്ഞിപ്പലം : ഗൗണും തൊപ്പിയുമണിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാന്തരബിരുദം നേടി അഭിമാനത്തോടെ നില്‍ക്കുമ്പോഴും പഠിത്തം തുടരാനാണ് ബിചിത്രയുടെ തീരുമാനം. കൊല്‍ക്കത്തയിലെ രസകോവ ഗ്രാമത്തില്‍ നിന്നുള്ള ബിചിത്ര അഞ്ചാം ക്ലാസ് മുതല്‍ കേരളത്തിലാണ് പഠിച്ചുവളര്‍ന്നത്. കൈതപ്പൊയിലെ ലിസ കോളേജില്‍ നിന്നാണ് എം.എസ് സി. സൈക്കോളജി പഠനം. മാതാപിതാക്കളേക്കാള്‍ നന്നായി മലയാളം പറയുന്ന ബിചിത്ര മാനിപുരം എ.യു.പി. സ്‌കൂളിലാണ് അഞ്ചാം ക്ലാസില്‍ ചേര്‍ന്നത്. ചക്കാലക്കല്‍ എച്ച്.എസ്.എസില്‍ നിന്ന് പത്താം ക്ലാസും കൊടുവള്ളി എച്ച്.എസ്. എസില്‍ നിന്ന് പ്ലസ്ടുവും പൂര്‍ത്തിയാക്കി. ലിസ കോളേജില്‍ തന്നെയായിരുന്നു ബിരുദപഠനവും. കെട്ടിടനിര്‍മാണ കരാര്‍ ജോലികളുമായി കേരളത്തിലെത്തിയ സാധുബിശ്വാസ് – സാധന ദമ്പതിമാരുടെ മകളാണ് ബിചിത്ര. ചേട്ടന്മാരായ ഷിബുവും ബിട്ടുവും പിതാവിനൊപ്പം ജോലി നോക്കുന്നു. പഠനത്തില്‍ മിടുക്കിയായ ബിചിത്രക്ക് ഗവേഷണത്തിനാണ് താത്പര്യം. കുന്ദമംഗലം പത്താം മെയിലില്‍ കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് താമസം.

error: Content is protected !!