തിരൂരങ്ങാടി : മത ഭൗതിക സമന്വിത വിദ്യാഭ്യാസ രംഗത്ത് നാൽപത് വർഷം പൂർത്തിയാക്കുന്ന ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ റൂബി ജൂബിലി സമ്മേളനത്തിനുള്ള പന്തലിന് കാൽ നാട്ടൽ കർമം വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി നിർവഹിച്ചു. വാഴ്സിറ്റി ക്യാമ്പസിൽ നടന്ന പരിപാടിയിൽ ഡോ. റഫീഖ് ഹുദവി കരിമ്പനക്കൽ, അബ്ദുശക്കൂർ ഹുദവി ചെമ്മാട്, കെ. കെ അബ്ബാസ് ഹുദവി, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, ഹാശിം ഹുദവി, ബശീർ ഹുദവി, നിഹ്മതുല്ലാഹ് ഹുദവി എന്നിവർ സംബന്ധിച്ചു.
ജനുവരി ഒന്ന് മുതൽ പന്ത്രണ്ട് വരെ വാഴ്സിറ്റിയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൻ്റെ ഭാഗമായി സിബാഖ് ദേശീയ കലോത്സവം, അന്താരാഷ്ട്ര കോൺഫറൻസ്, ബിരുദദാന സമ്മേളനം, നാഷണൽ മുഹല്ലാ മീറ്റ് തുടങ്ങി വിവിധ പരിപാടികൾ നടക്കും.
പതിനായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സിബാഖ് ദേശീയ കലോത്സവം ജനുവരി ഒന്ന് മുതൽ ആറ് വരെയാണ് നടക്കുക. ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റീസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ട്മെൻ്റ് എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇന്തോ-അറബ് റിലേഷൻസ് അന്താരാഷ്ട്ര കോൺഫറൻസ് ജനുവരി 7, 8, 9 തിയ്യതികളിലും റൂബി ജൂബിലി സമാപന സമ്മേളനം 10, 11, 12 തിയ്യതികളിലും നടക്കും.