പൊന്നാനി : വാടക ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ചങ്ങരംകുളം ട്രഷറി ഓഫീസ് സംബന്ധിച്ച കെട്ടിട ഉടമയുടെ പരാതിയില്‍ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. പൊന്നാനി താലൂക്ക് തല അദാലത്തില്‍ പരാതിയുമായി ഉടമ എത്തിയതിനു പിന്നാലെയാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ചങ്ങരംകുളം സ്വദേശിയായ എന്‍.വി ഖാദര്‍ എട്ടുവര്‍ഷം മുന്‍പ് വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിലാണ് ചങ്ങരംകുളം ട്രഷറി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 21 മാസമായി ഉടമക്കാരന് വാടക ലഭിക്കുന്നില്ല. വായോധികനായ എന്‍. വി. ഖാദര്‍ പലതവണ ഓഫീസ് കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.
ഇതിനിടെ പെരുമ്പടപ്പ് ബ്ലോക്കില്‍ നിന്നും ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിനു 10 സെന്റ് സ്ഥലം അനുവദിച്ചു കിട്ടിയെങ്കിലും പിന്നീട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നില്ല. ഖാദറിന്റെ പരാതി അനുഭാവപൂര്‍വ്വം കേട്ട മന്ത്രി മുഹമ്മദ് റിയാസ് വാടക പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.