ഛത്തീസ്ഗഡ് : ബസ്തറില്‍ മാധ്യമപ്രവര്ത്തകന് മുകേഷ് ചന്ദ്രക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്ത്തകന് മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളില്‍ വരെ മുറിവുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുകേഷിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയില്‍ മാത്രം 15 മുറിവുകള്‍ ഉള്ളതായും കണ്ടെത്തി. മുകേഷിന്റെ ഹൃദയം കീറി മുറിച്ചതായും കരള്‍ 4 കഷ്ണം ആക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകളില്‍ മാത്രം അഞ്ച് ഒടിവുകളാണുള്ളത്.
റോഡ് കോണ്‍ട്രാക്ടറായ സുരേഷ് ചന്ദ്രാകറിന്റെ വീടിന് പരിസരത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നാണ് 33 കാരനായ മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പകയാണ് മാധ്യമപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 25 പ്രസിദ്ധീകരിച്ച വാര്‍ത്തയേ തുടര്‍ന്ന് ബിജാപൂരിലെ റോഡ് നിര്‍മ്മാണത്തിലെ തകരാറിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചതിലെ പക മൂലമാണ് കൊലപാതകമെന്നാണ് ലഭ്യമാകുന്ന വിവരം.
ജനുവരി 1നായിരുന്നു മുകേഷ് ചന്ദ്രക്കറിനെ കാണാതായത്. മുകേഷിനെ കാണാതായി 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ സഹോദരന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുകേഷിന്റെ അവസാന മൊബൈല്‍ ലൊക്കേഷന്‍ സുരേഷിന്റെ വീടിനടുത്തായതാണു പൊലീസിനെ പ്രതിയിലേക്കെത്താന്‍ സഹായിച്ചത്. പരിശോധനയ്ക്കിടെ പുതുതായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയില്‍ ഒരു സെപ്റ്റിക്ക് ടാങ്ക് പൊലീസ് കണ്ടെത്തി. ഇതില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തല, വയറ്, നെഞ്ച്, ശരീരത്തിന് പുറത്തും മര്‍ദ്ദനമേറ്റ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
മുകേഷ് നിരന്തരം ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നയാളായിരുന്നു. എന്‍ഡി ടിവിക്ക് വേണ്ടിയും മറ്റ് സ്വകാര്യ ചാനലുകള്‍ക്കുമായി ബസ്തറില്‍ നിന്ന് വാര്‍ത്തകള്‍ നല്‍കിയിരുന്ന മുകേഷിന്റെ യുട്യൂബ് ചാനല്‍ ലക്ഷക്കണക്കിന് പേരാണ് പിന്തുടരുന്നത്. 2021ല്‍ മാവോയിസ്റ്റ് പിടിയിലായ കമാന്‍ഡോ രാകേഷ്വാര് സിംഗിന്റെ മോചനത്തില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകന്.