മലപ്പുറം കണ്ണത്തുപാറയിലെ ഭിന്നശേഷിക്കാരിയായ ധന്യക്ക് മുടങ്ങിക്കിടന്ന പെന്‍ഷന്‍ ലഭിക്കാന്‍ മന്ത്രി വി. അബ്ദുറഹിമാന്റെ ഇടപെടല്‍. മലപ്പുറം സിവില്‍ സ്റ്റേഷനടുത്ത് കണ്ണത്തു പാറയില്‍ താമസിക്കുന്ന ധന്യയുടെ കുടുംബത്തിന്റെ വരുമാനം ഭിന്നശേഷി പെന്‍ഷനാണ്. അമ്മ വിജയലക്ഷ്മിയും അച്ഛന്‍ കൃഷ്ണനും അടങ്ങുന്ന കുടുംബത്തിന് ഭിന്നശേഷിക്കാരിയായ ധന്യയെ പരിചരിക്കേണ്ടതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. 37 കാരിയായ ധന്യക്ക് പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒരു മാസത്തിലധികമായി പെന്‍ഷന്‍ മുടങ്ങിയതോടെ ഇവരുടെ ജീവിതം വഴിമുട്ടി.
ധന്യക്ക് ഹെര്‍ണിയ ബാധിച്ച് ഓപ്പറേഷന്‍ വേണ്ടി വന്നതിനാല്‍ ചെലവുകള്‍ താങ്ങാന്‍ കഴിയാതായി. അങ്ങനെയാണ് മുടങ്ങിക്കിടന്ന പെന്‍ഷന്‍ ലഭിക്കാനായി അദാലത്തിലെത്തുന്നത്. പരാതി പരിഗണിച്ച മന്ത്രി പെന്‍ഷന്‍ ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശംനല്‍കി.