കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായി ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി മരിച്ചു. 6 ദിവസമായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഉച്ചയ്ക്ക് 2 മണിയോടെ മരണം സ്ഥിരീകരിച്ചത്. പോക്‌സോ കേസ് അതിജീവിതയാണ് 19കാരിയായ പെണ്‍കുട്ടി. പെണ്‍കുട്ടിയെ മര്‍ദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടില്‍ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയേക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റും. കഴുത്ത്, തല, ശ്വാസകോശം എന്നിവിടങ്ങളിലുണ്ടായ പരുക്കാണു മരണകാരണമായത് എന്നാണു പ്രാഥമിക നിഗമനം.
ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ പരുക്കേറ്റ നിലയില്‍ ബന്ധു കണ്ടെത്തിയത്. തുടര്‍ന്ന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കയ്യിലും തലയിലും പരുക്കുകളുണ്ടായിരുന്നു. അര്‍ധനഗ്‌നയായാണു വീട്ടില്‍ കിടന്നിരുന്നത്. യുവതിയുടെ മാതാവിന്റെ പരാതിയില്‍ ബലാത്സംഗത്തിനും കൊലപാതക ശ്രമത്തിനുമാണു പൊലീസ് കേസെടുത്തിട്ടുള്ളത്.
പോക്‌സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി കഴുത്തില്‍ കുരുക്കിട്ടപ്പോള്‍ ‘പോയി ചത്തോ’ എന്നും അനൂപ് ആക്രോശിച്ചു. തന്റെ സുഹൃത്തായിരുന്ന പെണ്‍കുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു.
ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെണ്‍കുട്ടി വാതില്‍ തുറന്ന ഉടന്‍ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മര്‍ദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി തെറിച്ചു വീണ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, കൈയില്‍ കിട്ടിയ ചുറ്റിക കൊണ്ടു ഇടിച്ചു. സഹികെട്ട പെണ്‍കുട്ടി താന്‍ മരിക്കാന്‍ പോവുകയാണെന്നു പറഞ്ഞ് ഷാള്‍ കഴുത്തിലിട്ടപ്പോള്‍ ‘പോയി ചത്തോ’ എന്നായിരുന്നു ഇയാളുടെ പ്രതികരണം.
പെണ്‍കുട്ടി തൂങ്ങിയതോടെ പരിഭ്രാന്തനായ അനൂപ് ഷാള്‍ കത്തികൊണ്ടു മുറിച്ചു. താഴെ വീണ പെണ്‍കുട്ടി വേദന കൊണ്ട് അലറി വിളിച്ചപ്പോള്‍ ഇയാള്‍ വായ പൊത്തിപ്പിടിച്ചു എന്നാണു പൊലീസ് പറയുന്നത്. അനക്കമറ്റ പെണ്‍കുട്ടി മരിച്ചു എന്നു കരുതി 4 മണിക്കൂറിനു ശേഷം ഇയാള്‍ വീടിന്റെ പിന്നിലെ വാതിലിലൂടെ പുറത്തേക്കു പോവുകയായിരുന്നു.