അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ (ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം) നിയമാവലിക്ക് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. സര്‍വകലാശാല നടപ്പാക്കിയ നാലുവര്‍ഷ ബിരുദ പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയ വൈസ് ചാന്‍സലറുടെ നടപടിയും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവയുടെ നിയമാവലികളില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ അവ്യക്തകളും പിശകുകളും ഉടന്‍ പരിഹരിക്കുന്നതിന് വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കി.
പരീക്ഷാ മൂല്യനിര്‍ണയത്തിന് അതത് വിഷയങ്ങള്‍ പഠിപ്പിക്കാത്ത അധ്യാപകരും ഉള്‍പ്പെടുന്നതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. അധ്യാപകരുടെ വിവരങ്ങള്‍ കൃത്യമാക്കുന്നതിന് കോളേജ് പോര്‍ട്ടല്‍ യഥാസമയം പുതുക്കും. വയനാട്ടിലെ വൈത്തിരി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബി.എച്ച്.എം. വിദ്യാര്‍ഥികളെ ഒന്നാം വര്‍ഷം പാസാകാതെ മൂന്നാം വര്‍ഷത്തേക്കും രണ്ടാം വര്‍ഷം പാസാകാതെ നാലാം വര്‍ഷത്തേക്കും ക്രമവിരുദ്ധമായി പ്രമോഷന്‍ നല്‍കിയതും യോഗം ചര്‍ച്ച ചെയ്തു.
വിദ്യാര്‍ഥികളുടേതല്ലാത്ത കാരണത്താല്‍ സംഭവിച്ച പിഴവായതിനാല്‍ 763 വിദ്യാര്‍ഥികള്‍ക്ക് പ്രമോഷന്‍ നല്‍കിയതും 301 പേര്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയതും അംഗീകരിച്ചു. ഇതേ കോളേജില്‍ നിന്ന് സമര്‍പ്പിച്ച ഇന്റേണല്‍ മാര്‍ക്കിലെ പിഴവ് തിരുത്തി നല്‍കിയത് സ്വീകരിക്കാനും തീരുമാനമായി. മറ്റു സര്‍വകലാശാലകള്‍ നടത്തുന്ന യു.ജി.സി. അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ക്ക് അംഗീകാരമോ തുല്യതയോ നല്‍കില്ല.
അക്കാദമിക് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള യോഗങ്ങളുടെ അജണ്ടകള്‍ അച്ചടിച്ച് നല്‍കുന്നത് കുറയ്ക്കാനും കടലാസ് രഹിതമാക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഡോ. കെ. പ്രദീപ് കുമാര്‍, ഡോ. പി. ശിവദാസന്‍, ഡോ. പി. റഷീദ് അഹമ്മദ് എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.