
ബെംഗളൂരു : പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിയ ഏഴ് വയസുകാരന്റെ മുറിവില്‍ തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് കൊണ്ട് ഒട്ടിച്ചെന്ന പരാതിയില്‍ നഴ്‌സിനെ സസ്‌പെന്റ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍. ബുധനാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഹാവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലുള്ള ആടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജനുവരി 14നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കവിളിലേറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരന്‍ ഗുരുകിഷന്‍ അന്നപ്പ ഹൊസമണിയെ മാതാപിതാക്കള്‍ ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുവന്നത്. എന്നാല്‍ മുറിവില്‍ തുന്നലിട്ടാല്‍ മുഖത്ത് മാറാത്ത പാടുണ്ടാവുമെന്ന് പറഞ്ഞ് നഴ്‌സ് ഫെവി ക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചു. ആശങ്ക അറിയിച്ച മാതാപിതാക്കളോട് താന്‍ വര്‍ഷങ്ങളായി ഇത് ചെയ്യുന്നതാണെന്നും നഴ്‌സ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് നടപടിക്ക് വഴിവെച്ചത്. പിന്നീട് ഈ വീഡിയോ സഹിതം ഇവര്‍ ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു.
ആദ്യം തന്നെ പ്രാഥമിക അന്വേഷണം നടത്തി നഴ്‌സിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. സസ്‌പെന്‍ഷന് പകരം നഴ്‌സിനെ അതേ ജില്ലയിലെ മറ്റൊരു ആശുപത്രിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഫെബ്രുവരി 3ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. കുട്ടിക്ക് പിന്നീട് ചികിത്സ ലഭ്യമാക്കി. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.